യുഎസിന് മേൽ ചുമത്തിയ 25% ‘പകരച്ചുങ്കം’ 90 ദിവസത്തേക്ക് നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ കമ്മീഷൻ. ചൈന ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങൾക്ക് മേലും ചുമത്തിയ നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചതായി യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുരഞ്ജന ചർച്ചകളിൽ സൂചന നൽകിക്കൊണ്ട് തങ്ങളും അധിക നികുതി ചുമത്തുന്നത് 90 ദിവസത്തേക്ക് നിർത്തി വച്ചതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് Ursula von der Leyen വ്യക്തമാക്കിയത്. ഇയുവിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ ട്രമ്പിന്റെ നടപടിക്ക് മറുപടിയായാണ് ഇയു യുഎസിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് അതേ നികുതി തിരിച്ചും ഏർപ്പെടുത്താൻ തീരുമാനിച്ചത്.
വ്യാപാര യുദ്ധം സംബന്ധിച്ച ഉഭയാകക്ഷി ചർച്ചയ്ക്ക് വഴിയൊരുക്കാനാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിച്ചതെന്ന് Von der Leyen പറഞ്ഞെങ്കിലും ചർച്ച തൃപ്തികരമല്ലെങ്കിൽ പകരം നടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
അതേസമയം ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ 125% നികുതിയുമായി മുന്നോട്ട് പോകുമെന്നാണ് ട്രമ്പിന്റെ നിലപാട്. ഇതിനു മറുപടിയായി ചൈന കഴിഞ്ഞ ദിവസം യുഎസ് ഉൽപ്പന്നങ്ങൾക്ക് 84% നികുതി ഏർപ്പെടുത്തിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി വർധന മരവിപ്പിച്ചതോടെ യുഎസ് ഓഹരി വിപണിയിൽ ഷെയറുകൾക്ക് മൂല്യം ഉയർന്നിട്ടുണ്ട്.