അയര്‍ലണ്ടില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം 2024-ലെ ആദ്യ പകുതിയില്‍ 9% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. പ്രീമിയം ഇനിയും ഉയരുമെന്നാണ് നിഗമനമെന്നും പണപ്പെരുപ്പം, റിപ്പയര്‍ ചെലവുകളുടെ വര്‍ദ്ധന എന്നിവയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2024 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം (average written motor insurance premium) ശരാശരി 616 യൂറോ ആയിരുന്നു. എന്നാല്‍ 2023-ല്‍ ഉടനീളം പ്രീമിയം ശരാശരി 567 യൂറോ ആയിരുന്നു. 2022-ലെ രണ്ടാം പകുതിയെ അപേക്ഷിച്ച് 12% ആണ് പ്രീമിയം വര്‍ദ്ധന.
പ്രീമിയം ഉയര്‍ന്നെങ്കിലും തുക ഏറ്റവും ഉയര്‍ന്ന് നിന്നിരുന്ന 2017 ജൂലൈ-ഡിസംബര്‍ കാലയളവിനെക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ആ കാലത്തെ ശരാശരി പ്രീമിയം 729 യൂറോ ആയിരുന്നു.
അതേസമയം പേഴ്‌സണല്‍ ഇന്‍ജുറി കേസുകളില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമീയം ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. പേഴ്‌സണല്‍ ഇന്‍ജുറി നഷ്ടപരിഹാരം 17% വര്‍ദ്ധിപ്പിക്കാനുള്ള ജുഡീഷ്യല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan വൈകാതെ നടപ്പിലാക്കാനിരിക്കുകയാണ്.
തീരുമാനം പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ചര്‍ച്ച ചെയ്യണമെന്ന് The Alliance for Insurance Reform ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നഷ്ടപരിഹാരം മറ്റ് മിക്ക രാജ്യങ്ങളെക്കാളും അയര്‍ലണ്ടില്‍ ഉയര്‍ന്നത് തന്നൊണെന്നും അവര്‍ പറയുന്നു. ഇത് ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ പ്രീമിയം വീണ്ടും ഉയരുമെന്നും, സാധാരണക്കാര്‍ക്കും, സ്ഥാപനങ്ങള്‍ക്കും മറ്റം ഇത് താങ്ങാന്‍ സാധിക്കാതെ വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.