മെയ് മാസത്തില്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടിയത് 8,200-ഓളം രോഗികളെന്ന് Irish Nurses and Midwives Organisation (INMO). ഇത്തരത്തില്‍ ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടിയ അഞ്ച് ആശുപത്രികള്‍ ചുവടെ:
University Hospital Limerick – 2,055 patients;
University Hospital Galway – 919 patients;
Cork University Hospital – 673 patients;
St Vincent’s University Hospital – 496 patients;
Letterkenny University Hospital – 468 patients.
ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഇപ്പോഴും വളരെയധികമാണെന്നും, ദിവസവും ശരാശരി 400 രോഗികള്‍ വീതം ഇത്തരത്തില്‍ ബെഡ്ഡ് സൗകര്യം ലഭിക്കാതെ ചികിത്സിക്കപ്പെടുകയാണെന്നും INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. വരും മാസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നും, അതിന് വേണ്ട മുന്കരുതലുകളെടുക്കാനായി HSE-യുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Midwest, West പ്രദേശങ്ങളിലെ തിരക്ക് വളരെ അധികമാണെന്നും, ഇവിടങ്ങളില്‍ ജീവനക്കാരുടെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തുന്നതിനും, കൂടുതല്‍ ബെഡ്ഡുകള്‍ അനുവദിക്കുന്നതിനും HSE മുന്‍ഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രോഗികളുടെ അമിതമായ തിരക്ക് ചികിത്സാപ്പിഴവുകള്‍ സൃഷ്ടിക്കുക മാത്രമല്ല, നഴ്സുമാര്‍, മിഡ്വൈഫുമാര്‍ എന്നിവരുടെ സുരക്ഷയെയും ബാധിക്കുന്നതാണെന്ന് Phil Ní Sheaghdha വ്യക്തമാക്കി. തിരക്ക് വര്‍ദ്ധിക്കുമ്പോഴാണ് ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കാറുള്ളതെന്ന് നമുക്കറിയാവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.