അയർലണ്ടിൽ ചൂടേറുന്നു; വിവിധ കൗണ്ടികളിൽ വരൾച്ച മുന്നറിയിപ്പ്, ജലം സംരക്ഷിക്കാൻ അഭ്യർത്ഥന

അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില 28 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തെത്തുടര്‍ന്ന് വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുജലവിതരണ വകുപ്പ് (Uisce Éireann). പല പ്രദേശങ്ങളിലും ജലവിതരണം നടത്താന്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി പറഞ്ഞ അധികൃതര്‍, Dublin, Limerick, Tipperary, Waterford, Cork, Galway, Donegal, Meath, Westmeath, Clare, Wexford എന്നീ കൗണ്ടികളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

സാധാരണയിലുമധികം ചൂട് ഉയര്‍ന്നതോടെ രാജ്യത്തെ പല കൗണ്ടികളിലും വരള്‍ച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Mullingar (Co Westmeath), Milford (Co Donegal), Kells-Oldcastle (Co Meath) എന്നിവിടങ്ങളില്‍ വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യമെമ്പാടും ജനങ്ങള്‍ കഴിവതും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ജലവിതരണ വകുപ്പ് അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ചയോടെ 28 ഡിഗ്രിയിലെത്തുന്ന താപനില ഉഷ്ണതരംഗത്തിന് സമാനമായ അനുഭവം ഉണ്ടാക്കിയേക്കും.

വെള്ളം പാഴാക്കാതിരിക്കാനായി എടുക്കേണ്ട മുന്‍കരുതലുകള്‍:

– തോട്ടം നനയ്ക്കാന്‍ ഹോസിന് പകരം ബക്കറ്റ് ഉപയോഗിക്കുക
– കാര്‍ കഴുകാന്‍ ബക്കറ്റില്‍ വെള്ളം പിടിച്ച് സ്‌പോഞ്ച് നനച്ച് ഉപയോഗിക്കുക
– പല്ലു തേയ്ക്കുമ്പോള്‍ ടാപ്പ് തുറന്നിടാതെ ആവശ്യത്തിന് മാത്രം വെള്ളമെടുക്കുക
– ഏറെ നേരമുള്ള കുളി ഒഴിവാക്കുക
– ഡിഷ് വാഷറുകള്‍, വാഷിങ് മെഷീന്‍ മുതലായവ മുഴുവനായും ലോഡ് ചെയ്ത ശേഷം മാത്രം പ്രവര്‍ത്തിപ്പിക്കുക

വ്യാപാരസ്ഥാപനങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നും, ഇതിന്റെ മേല്‍നോട്ടത്തിനായി പ്രത്യേകം ആളെ നിയോഗിക്കണമെന്നും പറഞ്ഞ അധികൃതര്‍, സ്ഥാപനങ്ങള്‍ ജലസംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും, ജലസംരക്ഷണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply