യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30% നികുതി ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് 1 മുതല്‍ പുതുക്കിയ നികുതി നിലവില്‍ വരുമെന്നും ശനിയാഴ്ച ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ മീഡിയ വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ്-ഇയു വ്യാപാരയുദ്ധത്തിന് ശുഭകരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷ ഇതോടെ മങ്ങിയിരിക്കുകയാണ്.
ജപ്പാന്‍, സൗത്ത് കൊറിയ, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചെമ്പിന് 50% ഇറക്കുമതി നികുതി ഏര്‍പ്പെടുത്തുന്നതായി ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇയുവിന് മേല്‍ നേരത്തെ ഏര്‍പ്പെടുത്തിയ നികുതി ട്രംപ് പിന്നീട് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നതിനാല്‍ ഇരുപക്ഷവും ആര്‍ക്കും നഷ്ടം വരുത്താത്ത ഒരു കരാറിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെ ട്രംപ് വീണ്ടും പ്രതിസന്ധിക്ക് തിരി കൊളുത്തിയിരിക്കുകയാണ്. പകരം നികുതി ഏര്‍പ്പെടുത്തിയാല്‍ ഇറക്കുമതി തീരുവ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇയുവിനും, മെക്‌സിക്കോയ്ക്കും മേല്‍ ഏര്‍പ്പെടുത്തിയ 30% നികുതി എന്ന യുഎസ് തീരുമാനം ഖേദകരമാണെന്ന് ഐറിഷ് ഉപപ്രധാനമനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് പ്രതികകരിച്ചു. യുഎസുമായി ധാരണയിലെത്താമെന്നാണ് കരുതുന്നതെന്നും, ഇയു ഇപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച നല്ല രീതിയില്‍ ഫലം കാണുമെന്ന് ഐറിഷ് പ്രസിഡന്റ് മീഹോള്‍ മാര്‍ട്ടിനും പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം യുഎസിനെതിരെ കടുത്ത നിലപാടുകളുമായി ഫ്രാന്‍സ് രംഗത്തെത്തി. യുഎസിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വഴങ്ങരുതെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ട്രംപിന്റെ നടപടിയെ ഇയു പ്രസിഡന്റ് Ursula Von Der Leyen, കമ്മീഷണര്‍ Maros Sefcovic എന്നിവരും വിമര്‍ശിച്ചു.