ഗാസയില്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സ്‌കോട്‌ലണ്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേല്‍ ഐക്യരാഷ്ട്രസംഘടന അടക്കമുള്ളവരെ അനുവദിക്കണമെന്നും, ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഹമാസ് ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഭരണത്തില്‍ ഹമാസ് ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ ഫ്രാന്‍സും പ്രഖ്യാപിച്ചിരുന്നു. ഗാസയിലേയ്ക്കുള്ള ഭക്ഷണവും, സഹായങ്ങളും തടഞ്ഞും, സഹായത്തിനായി കാത്തുനില്‍ക്കുന്നവരെ കൂട്ടക്കുരുതി നടത്തിയും ഇസ്രായേല്‍ വംശഹത്യ നടത്തുകയാണ് എന്ന ആരോപണം ശക്തമാണ്. ഇതിനിടെ ഫ്രാന്‍സും, ബ്രിട്ടനും പലസ്തീന് പിന്തുണയുമായി വന്നതോടെ ഗാസയില്‍ നിന്നും പിന്‍വാങ്ങാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദമേറും.