യുഎസ്-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറില്‍ അന്തിമതീരുമാനം വ്യക്തമാക്കി ഇരു കക്ഷികളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇതില്‍ അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ആശങ്കയായിരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഭീമമായ യുഎസ് നികുതി, പരമാവധി 15% ആക്കി നിശ്ചയിച്ചതിനെ ഐറിഷ് നേതാക്കള്‍ സ്വാഗതം ചെയ്തു.
പുതിയ കരാര്‍ യൂറോപ്യന്‍ യൂണിയന്റെ വിജയമാണെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. കരാര്‍ പ്രകാരം ഇയുവില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ യുഎസ് പരമാവധി 15% നികുതിയാണ് ചുമത്തുക. സെമി കണ്ടക്ടറുകള്‍, മരത്തടികള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്. കരാറില്‍ വ്യക്തത വരുത്തിയതിനെ ഉപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസും സ്വാഗതം ചെയ്തു.
നേരത്തെ ഇയു ഉല്‍പ്പന്നങ്ങള്‍ക്ക് 250% വരെ നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിയുയര്‍ത്തിയിരുന്നു. യുഎസിലേയ്ക്കുള്ള മരുന്നുകളുടെയും, മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും വന്‍കിട കയറ്റുമതിക്കാരായ അയര്‍ലണ്ടിനെ, ഈ തീരുമാനം വളരെ മോശമായി ബാധിക്കുമെന്നും ഇതോടെ ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിവന്ന ഇയു-യുഎസ് നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇന്നലെ പുറത്തുവിട്ടത്.
ഇയു-യുഎസ് കരാറിലെ വ്യവസ്ഥകള്‍ വ്യക്തമായി പ്രതിപാദിച്ചതിനെ പ്രധാനമന്ത്രി മാര്‍ട്ടിന്‍ സ്വാഗതം ചെയ്തു. വിമാനങ്ങളുടെ യന്ത്രഭാഗങ്ങളുടെ വിപണനത്തില്‍ ഇരു കക്ഷികളും പരസ്പരം നികുതി ഒഴിവാക്കിയതിനെയും മാര്‍ട്ടിന്‍ സ്വാഗതം ചെയ്തു. അതേസമയം മെഡിക്കല്‍ ടെക്‌നോളജി, സ്പിരിറ്റ് മുതലായവയുടെ മേലുള്ള 15% നികുതി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം സ്‌കോട്‌ലണ്ട് സന്ദര്‍ശനത്തിനെത്തിയ ട്രംപുമായി, ഇയു പ്രസിഡന്റ് Ursula von der Leyen നടത്തിയ ചര്‍ച്ചയില്‍ ഇയുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 15% നികുതി എന്ന കരാര്‍ അംഗീകരിച്ചിരുന്നുവെങ്കിലും, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ അടക്കമുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് എത്ര നികുതി ചുമത്തും എന്ന കാര്യത്തില്‍ വ്യക്ത കൈവന്നിരുന്നില്ല. ഇത് ഇയു രാജ്യങ്ങളില്‍ നിന്ന് തന്നെ Ursula von der Leyen-ന് വിമര്‍ശനമേല്‍ക്കാനും ഇടയാക്കി.
സാമ്പത്തികവളര്‍ച്ചയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ കാര്യമായി ആശ്രയിക്കുന്ന അയര്‍ലണ്ടിനെയും ഇത് പ്രതിസന്ധിയിലാക്കിയിരുന്നു. ഒപ്പം Trade Expansion Act സെക്ഷന്‍ 232 പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ ഇറക്കുമതി സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു അന്വേഷണം മേഖലയിലെ ഇറക്കുമതിയെ ബാധിക്കില്ലെന്ന് കഴിഞ്ഞ ദിവസത്തെ കരാര്‍ പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണ് പുതിയ ഇയു-യുഎസ് കരാര്‍.