അയർലണ്ടിൽ പനി, ശ്വാസകോശ രോഗം എന്നിവ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു; 677 രോഗികൾ ആശുപത്രിയിൽ, മുന്നറിയിപ്പുമായി HSE

മഞ്ഞുകാലമായതോടെ അയര്‍ലണ്ടില്‍ പനി, ശ്വാസകോശരോഗങ്ങള്‍, കോവിഡ് മുതലായ അസുഖങ്ങള്‍ കാരണം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി HSE. ഡിസംബര്‍ 30 ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2,321 ശ്വാസകോശരോഗികളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. 1,777 പേര്‍ക്ക് പനിയും ബാധിച്ചു. ഇതിന് മുമ്പത്തെ ആഴ്ച 3,547 പേര്‍ക്കായിരുന്നു പനി സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ക്രിസ്മസ് കാലത്ത് ടെസ്റ്റ് ചെയ്യുന്നത് കുറഞ്ഞതാകാം ഇത്തരത്തില്‍ പനി ബാധിച്ച രോഗികളുടെ എണ്ണം കുറഞ്ഞതിന് കാരണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ സൂചന നല്‍കുന്നുണ്ട്. നിലവില്‍ 677 രോഗബാധിതര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുതുവര്‍ഷ ആഘോഷവും മറ്റുമായി ആളുകള്‍ തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പനി അടക്കമുള്ള രോഗങ്ങള്‍ ഇനിയും വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ജനുവരി മാസത്തില്‍ ഇത്തരം രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് പതിവുമാണ്.

രോഗം പടരാതിരിക്കാനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും, അസുഖമുണ്ടെങ്കില്‍ കഴിവതും വീട്ടില്‍ തന്നെയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാക്‌സിനുകള്‍ കൃത്യമായി എടുക്കുക, രോഗം രൂക്ഷമല്ലെങ്കില്‍ ആശുപത്രിയില്‍ പോകുന്നതിന് പകരം ജിപിയെയോ, ക്ലിനിക്കുകളിലെ ഡോക്ടര്‍മാരെയോ, ഫാര്‍മസികളോ സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയും വേണം. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചാല്‍ സ്വയ ചികിത്സിക്കാതെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കണം.

രോഗികള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഡിസംബര്‍ 8 മുതല്‍ ഫെബ്രുവരി 15 വരെ അധിക ജിപി ക്ലിനിക്കുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഏകദേശം 140,000-ഓളം അധിക രോഗികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply