ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, നെതര്‍ലണ്ട്‌സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും യുഎസിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 2026 ഫെബ്രുവരി 1 മുതല്‍ 10% തീരുവ ചുമത്തുമെന്നാണ് ട്രംപ്, ട്രൂത്ത് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. ഗ്രീന്‍ലന്‍ഡുമായി ബന്ധപ്പെട്ട് കരാറിലെത്തിയില്ലെങ്കില്‍ ഈ തീരുവ 2026 ജൂണ്‍ 1 മുതല്‍ 25% ആക്കി വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
നിലവില്‍ ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലാണ് ഗ്രീന്‍ലന്‍ഡ്. എന്നാല്‍ ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നത് യുഎസിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്. റഷ്യയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഗ്രീന്‍ന്‍ഡിലെ യുഎസ് സാന്നിദ്ധ്യം സഹായകരമാകുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. ചൈനയും, റഷ്യയും ഗ്രീന്‍ലന്‍ഡ് ആഗ്രഹിക്കുന്നു എന്നും, ഡെന്മാര്‍ക്കിന് ഈ പ്രദേശം സംരക്ഷിക്കാന്‍ ആകില്ലെന്നും ട്രംപ് അവകാശപ്പെടുന്നു. വിഷയത്തില്‍ ഡെന്മാര്‍ക്ക്, മറ്റ് ബാധിക്കപ്പെട്ട രാജ്യങ്ങള്‍ എന്നിവയുമായി ഉടന്‍ തന്നെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമാണ് ട്രംപിന്റെ നിലപാട്.
യുഎസുമായുള്ള വ്യാപാര കരാര്‍ മരവിപ്പിച്ച് ഇയു
ഇയു രാജ്യങ്ങള്‍ക്ക് മേല്‍ 10% തീരുവ ഏര്‍പ്പെടുത്തുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയായി, യുഎസുമായുള്ള വ്യാപാര കരാര്‍ മാരവിപ്പിക്കുന്നതായി വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്‍. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വ്യാപാരയുദ്ധത്തിന് വിരാമം എന്ന രീതിയില്‍ ഇയു പ്രസിഡന്റ് Ursula von der Leyen, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇയു ഉല്‍പ്പന്നങ്ങള്‍ക്ക് 15% എന്ന നിലയില്‍ കരാറില്‍ ഒപ്പുവച്ചത്. ഒപ്പം അമേരിക്കയില്‍ നിന്നും ഇയുവിലേയ്ക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയും ചെയ്തിരുന്നു.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സമവായമായി എത്തിയ ഈ കരാറിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നതാണ് നിലവിലെ നീക്കങ്ങള്‍. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുന്ന ഈ കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും, യുഎസിനെതിരായി വേണമെങ്കില്‍ മറ്റ് നടപടികള്‍ കൂടി സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കി. അതേസമയം യുഎസിനെതിരെ കൂടുതല്‍ കടുത്ത എതിര്‍ തീരുവ ഏര്‍പ്പെടുത്തണമെന്നും പാര്‍ലമെന്റ് അംഗങ്ങളില്‍ ചിലര്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.






