അയര്‍ലണ്ടില്‍ വാട്‌സാപ്പ് അടിസ്ഥാനമാക്കി നടക്കുന്ന പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ. നിങ്ങള്‍ വാട്‌സാപ്പില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഫോണിലോ, ഡിവൈസിലോ നിന്ന് വാട്‌സാപ്പ് ലോഗിന്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പ് എങ്ങനെ?
തട്ടിപ്പിന്റെ ഭാഗമായി നിങ്ങളുടെ ‘സുഹൃത്ത്’ എന്ന പേരില്‍ നിങ്ങള്‍ക്ക് ഒരു മെസേജ് ലഭിക്കുന്നു. വാട്‌സാപ്പില്‍ രജിസ്റ്റര്‍ ചെയ്യാനായി അബദ്ധത്തില്‍ നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ച് പോയി എന്നാകും മെസേജിലെ ഉള്ളടക്കം. ഒപ്പം വാട്‌സാപ്പ് എന്തെങ്കിലും കോഡ് അയച്ചുതരികയാണെങ്കില്‍ അത് അയച്ച് തരാനും ആവശ്യപ്പെടും. തുടര്‍ന്ന് ഇവര്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഡിവൈസില്‍ വാട്‌സാപ്പ് ലോഗിന്‍ ചെയ്യാന്‍ ആരംഭിക്കുന്നു. അപ്പോള്‍ വാട്‌സാപ്പില്‍ നിന്നും നിങ്ങള്‍ക്ക് ഒരു കോഡ് ലഭിക്കുന്നു. സുഹൃത്ത് എന്ന വ്യാജേന മെസേജ് അയച്ച വ്യക്തിക്ക് ഈ കോഡ് പറഞ്ഞുകൊടുത്താല്‍, നിങ്ങളുടെ വാട്‌സാപ്പിന്റെ പൂര്‍ണ്ണനിയന്ത്രണം തട്ടിപ്പുകാര്‍ക്ക് മറ്റൊരു ഡിവൈസില്‍ ലഭിക്കുന്നു.
ശേഷം നിങ്ങളുടെ വാട്‌സാപ്പില്‍ നിന്നും സുഹൃത്തുക്കള്‍ക്കും മറ്റും പണം ആവശ്യപ്പെട്ട് മെസേജ് അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സുഹൃത്തുക്കള്‍ പിന്നീട് നിങ്ങളോട് ഇക്കാര്യം പറയുമ്പോള്‍ മാത്രമാകും നിങ്ങള്‍ ഈ വിവരം അറിയുന്നത്. അപ്പോഴേയ്ക്കും പലരും പണം നല്‍കിയിട്ടുമുണ്ടാകും.
തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍…
ആര് ചോദിച്ചാലും വെരിഫിക്കേഷന്‍ കോഡുകള്‍ പങ്കുവയ്ക്കരുത്.
നിങ്ങളുടെ വാട്‌സാപ്പില്‍ മള്‍ട്ടി ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ (multi-factor authentification) സെറ്റ് ചെയ്യുക.
സംശയകരമായ മെസേജുകള്‍, കോളുകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.
തട്ടിപ്പിന് ഇരയായി എന്ന് തോന്നിയാല്‍ ഉടന്‍ ഗാര്‍ഡയുമായി ബന്ധപ്പെടുക.






