വടക്കൻ അയർലണ്ടിൽ പ്രണയ തട്ടിപ്പുകളിലൂടെ ആളുകൾക്ക് നഷ്ടമായത് 800,000 പൗണ്ട്

By Rose Malayalam Desk

കഴിഞ്ഞ വർഷം വടക്കൻ അയർലൻഡിലുടനീളം പ്രണയ തട്ടിപ്പുകളിലൂടെ പൗരന്മാർക്ക് 800,000 പൗണ്ടിലധികം നഷ്ടപ്പെട്ടതായി നോർത്ത് പോലീസ്. 2025-ൽ ഡേറ്റിംഗ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 61 പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ, ഇത്തരം തട്ടിപ്പുകാരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

ഓരോ സംഭവത്തിലും ആളുകൾക്ക് സാമ്പത്തിക നഷ്ടവും മാനസിക വിഷമവും കടുത്ത വിശ്വാസവഞ്ചനയും നേരിടേണ്ടി വന്നുവെന്ന് അധികൃതർ പറയുന്നു.

“പ്രണയ തട്ടിപ്പുകാർ ആളുകളെ സ്വാധീനിക്കാൻ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ്. പ്രണയം കണ്ടെത്താനും പുതിയ ആളുകളെ പരിചയപ്പെടാനും നിരവധി ആളുകൾ സോഷ്യൽ മീഡിയയും ഡേറ്റിംഗ് സൈറ്റുകളും ഉപയോഗിക്കാറുണ്ട്. പല സന്ദർഭങ്ങളിലും ഇത്തരം കാര്യങ്ങൾ സുരക്ഷിതവും നിയമാനുസൃതവുമാണെങ്കിലും, നിർഭാഗ്യവശാൽ ഇത് ചൂഷണം ചെയ്യുകയും വ്യാജ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കാത്തതുമായ കുറ്റവാളികളുമുണ്ട്. ജനങ്ങളുടെ പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് അവരുടെ ഒരേയൊരു ലക്ഷ്യം.” World Romance Scams Prevention Day- യുടെ ഭാഗമായി പി.എസ്.എൻ.ഐ സൂപ്രണ്ട് ജോവാൻ ഗിബ്സൺ പറഞ്ഞു.

“പണം ചോദിക്കുന്നതിന് മുൻപായി അതിവേഗം വിശ്വാസ്യതയുള്ള ഒരു ബന്ധം സ്ഥാപിക്കാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. തുടക്കത്തിൽ അവർ വളരെ ആകർഷകമായി പെരുമാറുകയും നിങ്ങളിൽ യഥാർത്ഥത്തിൽ താൽപ്പര്യമുള്ളവരായി കാണപ്പെടുകയും ചെയ്യും, എന്നാൽ നേരിൽ കാണാതിരിക്കാൻ പലതരത്തിലുള്ള കാരണങ്ങൾ അവർ നിരത്തും. സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് സൂചനകൾ നൽകി, ഇരകളുടെ വികാരങ്ങളെ മുതലെടുത്ത് അവർ പണം ചോദിക്കാൻ തുടങ്ങും. ഉദാഹരണത്തിന്, ചികിത്സാ അല്ലെങ്കിൽ നിയമപരമായ ബില്ലുകൾ അടയ്ക്കാനോ, ഒരു കുടുംബാംഗത്തെ സഹായിക്കാനോ, യാത്രാച്ചെലവുകൾക്കോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ അവസരങ്ങൾക്കോ വേണ്ടിയുള്ള സഹായങ്ങൾ ചോദിക്കും. പണം തിരികെ നൽകാമെന്ന് അവർ വാഗ്ദാനം ചെയ്യുമെങ്കിലും, അതിനുള്ള യാതൊരു ഉദ്ദേശ്യവും അവർക്കുണ്ടാകില്ല. യഥാർത്ഥവും അർത്ഥവത്തുമായ ഒരു ബന്ധമാണ് കണ്ടെത്തിയതെന്ന് വിശ്വസിച്ച ചില ആളുകളെ സംബന്ധിച്ച്, മാനസികമായും സാമ്പത്തികമായും അവർ പൂർണ്ണമായും തകർക്കപ്പെട്ടു എന്നതാണ് കഠിനമായ യാഥാർത്ഥ്യം. നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചാൽ പോലും, അതിന്റെ മാനസികാഘാതവും പ്രയാസങ്ങളും ആ വ്യക്തിക്ക് തുടർന്നും താങ്ങേണ്ടി വരുന്നു,” അദ്ദേഹം വ്യക്തമാക്കി.

പ്രായമോ ലിംഗഭേദമോ വംശമോ പരിഗണിക്കാതെ തട്ടിപ്പുകാർ എല്ലാവരെയും ലക്ഷ്യമിടുന്നുണ്ടെന്നും ഗിബ്സൺ മുന്നറിയിപ്പ് നൽകി. ലജ്ജ കാരണം ആളുകൾ പുറത്തുപറയാൻ മടിക്കുന്ന ഒന്നായതിനാൽ, ഇത്തരം നീചമായ കുറ്റകൃത്യങ്ങൾ പലപ്പോഴും യഥാർത്ഥ കണക്കുകളേക്കാൾ കുറവായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ എന്നാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഓൺലൈനിൽ മാത്രം കണ്ടുമുട്ടിയ ഒരാൾക്ക്, അവരുടെ കഥ എത്രത്തോളം സത്യസന്ധമാണെന്ന് തോന്നിയാലും, ഒരിക്കലും പണം അയക്കുകയോ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്. എന്തെങ്കിലും പന്തികേട് തോന്നുകയാണെങ്കിൽ, അവരുമായുള്ള സമ്പർക്കം അവസാനിപ്പിക്കുക, നിങ്ങൾ വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുക, ഒപ്പം സംഭവം റിപ്പോർട്ട് ചെയ്യുക.” തട്ടിപ്പുകാരെ തടയാനുള്ള മുൻകരുതലായി ഗിബ്സൺ പറഞ്ഞു. ഡേറ്റിംഗ് സൈറ്റിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് പ്രസ്തുത വ്യക്തിയെക്കുറിച്ച് നിങ്ങളുടെ സ്വന്തം നിലയിൽ അന്വേഷണം നടത്തുക, ഓൺലൈനിൽ പരിചയപ്പെട്ട ആരെങ്കിലും പണമോ, ഗിഫ്റ്റ് കാർഡുകളോ, ക്രിപ്റ്റോകറൻസിയോ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കുക, നേരിൽ കണ്ട് ബോധ്യപ്പെടാത്ത ഒരാൾക്ക് ഒരിക്കലും പണം അയച്ചു നൽകരുത് എന്നും മുന്നറിയിപ്പ് നൽകിയ പോലീസ്, നിങ്ങൾ ഇത്തരം തട്ടിപ്പിന് ഇരയായതായി കരുതുന്നുവെങ്കിൽ, ആ വ്യക്തിയുമായുള്ള എല്ലാ ബന്ധങ്ങളും ഉടൻ അവസാനിപ്പിക്കുകയും സംശയകരമായ പ്രൊഫൈലുകൾ ആ പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്നും, സന്ദേശങ്ങൾ, യൂസർ നെയിമുകൾ, പണം നൽകിയ വിവരങ്ങൾ, മറ്റ് തെളിവുകൾ എന്നിവയെല്ലാം സൂക്ഷിച്ചുവെക്കുണമെന്നും ഓർമിപ്പിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments