ബെല്‍ഫാസ്റ്റില്‍ നടന്ന കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ ആശുപത്രിയില്‍. തിങ്കളാഴ്ച വൈകിട്ട് 10.30-ഓടെ Kinnaird Avenue-ല്‍ വച്ചാണ് സംഭവം. ആക്രമണത്തിന്റേതായി പുറത്തുവന്ന വീഡിയോയില്‍ ഒരാള്‍ നിലത്ത് വീണുകിടക്കുന്ന മറ്റൊരാളുടെ കഴുത്തിലും, തലയിലും പലവട്ടം കത്തികൊണ്ട് കുത്തുന്നത് കാണാം. പലരും ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നാലെ പോലീസ് എത്തി അക്രമിയെ അറസ്റ്റ് ചെയ്തു. അടുക്കളയില്‍ ഉപയോഗിക്കുന്ന ഒരു കത്തിയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
30-കാരനായ പ്രതി സുഡാന്‍ സ്വദേശിയാണ്. ഇയാള്‍ സൊമാലിയക്കാരനാണ് എന്നായിരുന്നു നേരത്തെ വാര്‍ത്ത പരന്നിരുന്നത്. ഇയാള്‍ക്ക് മേല്‍ വധശ്രമം, ആയുധം കൈവശം വയ്ക്കുക, വധഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇത് ഭീകരാക്രമണമല്ല എന്നും പോലീസ് അറിയിച്ചു.
അതേസമയം ആക്രമണത്തിന് പിന്നില്‍ കുടിയേറ്റക്കാരനാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പലയിടത്തും അക്രമത്തിന് വഴിവച്ചു. കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങളും പലയിടത്തായി നടന്നുവരികയാണ്. പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച ബെല്‍ഫാസ്റ്റില്‍ ഒരു ഗ്ലൈഡര്‍ ബസിന് തീവച്ചു. തുടര്‍ന്ന് എല്ലാ ബസ്, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.

ബെല്‍ഫാസ്റ്റിലെ Lendrick Street-ല്‍ നിരവധി കാറുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പ്രദേശത്തെ ചില വീടുകളിലേയ്ക്കും തീ പടര്‍ന്നതോടെ അഗ്നിരക്ഷാസേന എത്തി വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. Ligoniel Road-ലും പല വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. Portadown-ല്‍ ഒരു പോലീസ് കാറിനും തീവച്ചു.
ചൊവ്വാഴ്ച രാത്രിയില്‍ രാജ്യത്ത് പലയിടത്തും പ്രക്ഷോഭം അതിരുവിട്ടതായി പോലീസ് അറിയിച്ചു. നിലവില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ‘തെമ്മാടിത്തം’ എന്നാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് ഫസ്റ്റ് മിനിസ്റ്ററായ മിഷേല്‍ ഒനീല്‍ വിശേഷിപ്പിച്ചത്. മുഖംമൂടിയണിഞ്ഞ് എത്തുന്നവര്‍ കുടുംബങ്ങളെ വീടുകള്‍ കയറി ആക്രമിച്ച് പുറത്താക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഒരാള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ അതുമായി ഒരു ബന്ധവുമില്ലാത്തവരെ ആക്രമിക്കുന്നത് തെറ്റാണെന്ന് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ എമ്മ ലിറ്റില്‍ പെന്‍ജെല്ലിയും പ്രതികരിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments