നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവും, മുന്‍ എംപിയുമായ ജെഫ്രി ഡൊണാള്‍ഡ്‌സണ് എതിരെ ഉയര്‍ന്ന ലൈംഗികാതിക്രമക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് ജൂറി. രണ്ട് സ്ത്രീകള്‍ക്കെതിരെ ഡൊണാള്‍ഡ്‌സണ്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ജൂറി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. ന്യൂറി ക്രൗണ്‍ കോടതിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേസിന്റെ വാദം നടന്നുവരികയായിരുന്നു.
രണ്ട് സ്ത്രീകളാണ് തങ്ങള്‍ കുട്ടികളായിരിക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡൊണാള്‍ഡ്‌സണ്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും, ഉപദ്രവിക്കുകയും ചെയ്തതായി കേസ് നല്‍കിയത്. ഡൊണാള്‍ഡ്‌സന്റെ ഭാര്യ എലനോര്‍ ഡൊണാള്‍ഡ്‌സണ്‍ കാര്യങ്ങള്‍ മൂടി വയ്ക്കാന്‍ ശ്രമിച്ചു എന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതും സത്യമാണെന്ന് ജൂറി കണ്ടെത്തി. 1985 മുതല്‍ 2008 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.
63-കാരനായ ഡൊണാള്‍ഡ്‌സണ്‍ കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തിയതോടെ ഈ വര്‍ഷം വൈകി ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം ശിക്ഷ ഏറെ നീണ്ടതായിരിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. അതുവരെ ഇയാളെ റിമാന്‍ഡ് ചെയ്യും. ശിക്ഷ വിധിക്കുന്നതിന് മുമ്പായി സെപ്റ്റംബര്‍ 11-ന് റിവ്യൂ ഹിയറിങ്ങും, സെപ്റ്റംബര്‍ 25-ന് പ്രീ സെന്റന്‍സിങ് ഹിയറിങ്ങും കോടതിയില്‍ നടക്കും.
തനിക്കെതിരായ ആരോപണങ്ങളെല്ലാം ഡൊണാള്‍ഡ്‌സണ്‍ നിഷേധിച്ചിരുന്നെങ്കിലും ഇരകളായ രണ്ട് സ്ത്രീകളും നല്‍കിയ തെളിവുകള്‍ ജൂറി അംഗീകരിച്ചു. 60-കാരിയായ എലനോറിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളത് കാരണം പ്രത്യേക വിചാരണ അനുവദിച്ചിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ക്ക് ക്രിമിനല്‍ ശിക്ഷ ലഭിക്കില്ല.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments