അയർലണ്ടിൽ ആംബുലൻസ് ജീവനക്കാരുടെ 24 മണിക്കൂർ സമരം ആരംഭിച്ചു; സേവനങ്ങൾ വൈകുമെന്ന് HSE മുന്നറിയിപ്പ്

By Rose Malayalam Desk

അയര്‍ലണ്ടില്‍ ആംബുലന്‍സ് ജീവനക്കാരുടെ സമരം ആരംഭിച്ചു. നാഷണല്‍ ആംബുലന്‍സ് സര്‍വീസിലെ ജോലിക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പാരാമെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്‌സ്, സൂപ്പര്‍വൈസര്‍മാര്‍ മുതലായവര്‍ ഇന്ന് രാവിലെ 8 മണി മുതല്‍ നാളെ രാവിലെ 8 മണി വരെയുള്ള 24 മണിക്കൂര്‍ സമരമാണ് നടത്തിവരുന്നത്.

ശമ്പളവര്‍ദ്ധനയക്കം 2020-ലെ Roles and Responsibilities Review-ലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തുന്നുവെന്നാരോപിച്ചാണ് തൊഴിലാളി സംഘടനകളായ യുണൈറ്റ്, സിപ്റ്റു എന്നിവയിലെ അംഗങ്ങള്‍ കഴിഞ്ഞ മാസം സമരം പ്രഖ്യാപിച്ചത്. ജീവനക്കാരുടെ യോഗ്യത, ഉത്തരവാദിത്തങ്ങള്‍, ഡ്യൂട്ടി എന്നിവയിലെല്ലാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും, എന്നാല്‍ അതിനനുസരിച്ച് NAS-നെ ആധുനികവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സംഘടനകള്‍ ആരോപിക്കുന്നു. 5% ശമ്പളവര്‍ദ്ധന എന്ന നിര്‍ദ്ദേശവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

നിര്‍ദ്ദേശങ്ങളോട് അധികൃതര്‍ വിമുഖത കാട്ടുന്ന സാഹചര്യത്തില്‍ സമരമല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് യുണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ നിരുപാധികം നടപ്പിലാക്കുക മാത്രമാണ് തര്‍ക്കപരിഹാരത്തിനുള്ള വഴിയെന്ന് യുണൈറ്റ് റീജിയണല്‍ സെക്രട്ടറി ഓയിന്‍ ഡ്രമ്മിയും വ്യക്തമാക്കി.

അതേസമയം സമരം രോഗികളെ ബാധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് HSE വെബ്‌സൈറ്റ് മുഖേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും ജീവന് ഭീഷണിയില്ലാത്ത സാഹചര്യങ്ങളില്‍ ആംബുലന്‍സ് സേവനം ലഭിക്കുന്നത് വൈകുമെന്നാണ് മുന്നറിയിപ്പ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments