ആംബുലൻസ് തൊഴിലാളികൾക്കുള്ള ശമ്പളം സംബന്ധിച്ച പുതിയ ലേബർ കോർട്ട് നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തങ്ങളുടെ അംഗങ്ങളോട് ശുപാർശ ചെയ്ത് യൂണിയനുകൾ. ശമ്പളം വർദ്ധന അടക്കമുള്ള ദീർഘകാല ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യത്തിന്മേൽ നാഷണൽ ആംബുലൻസ് സർവീസ് ജീവനക്കാരും അധികൃതരും നാളുകളായി ചർച്ചകൾ നടത്തി വരികയാണ്. ഈ വിഷയം ഉയർത്തിക്കാട്ടി ജീവനക്കാർ കഴിഞ്ഞ മാസം 24 മണിക്കൂർ സമരം നടത്തുകയും ചെയ്തു. തുടർ സമരങ്ങളും പദ്ധതിയിട്ടിരുന്നെങ്കിലും
ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ അവ വേണ്ടെന്ന് വച്ചിരുന്നു.
പാരാമെഡിക്കുകൾ, സ്പെഷ്യലിസ്റ്റ് പാരാമെഡിക്കുകൾ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ, പാരാമെഡിക് സൂപ്പർവൈസർമാർ എന്നിവർക്ക് ഗണ്യമായ ശമ്പള വർദ്ധനയാണ് ചർച്ചയുടെ ഫലമായി ലേബർ കോടതി ശുപാർശ ചെയ്തിരിക്കുന്നത്. സമീപ വർഷങ്ങളിൽ ആംബുലൻസ് ജീവനക്കാരുടെ ഉത്തരവാദിത്തങ്ങളിലും ജോലിഭാരത്തിലും ഉണ്ടായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി ശമ്പള സ്കെയിലുകൾ പരിഷ്കരിക്കണമെന്ന് പറഞ്ഞ McHugh/Crabtree റിപ്പോർട്ടിന് സമാനമാണ് ഈ ശുപാർശകൾ. സിപ്റ്റു, യുണൈറ്റ് എന്നീ ട്രേഡ് യൂണിയനുകൾ വ്യക്തമാക്കുന്നതനുസരിച്ച്, ആംബുലൻസ് ജീവനക്കാരുടെ നിലവിലുള്ള ഭൂരിഭാഗം നിബന്ധനകളും വ്യവസ്ഥകളും ഇത് സംരക്ഷിക്കുകയും ചെയ്യുന്നു.
കൂട്ടായ പ്രവർത്തനത്തിലൂടെയും ശക്തമായ യൂണിയൻ സംഘടനയിലൂടെയും എന്തെല്ലാം നേടാനാകുമെന്നാണ് ലേബർ കോർട്ടിന്റെ നിർദ്ദേശങ്ങൾ കാണിക്കുന്നതെന്ന് യുണൈറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പ്രതികരിച്ചു. ഈ പുരോഗതി ആംബുലൻസ് തൊഴിലാളികൾക്കുള്ള അംഗീകാരമാണ് എന്ന് സിപ്റ്റു ആംബുലൻസ് സെക്ടർ ഓർഗനൈസർ ജോൺ മക്കാംലിയും പറഞ്ഞു.
ലേബർ കോർട്ട് നിർദ്ദേശങ്ങൾ ഇനി യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പിലേക്ക് പോകും. ശേഷമാകും ഇത് സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments