അയര്‍ലണ്ടില്‍ സ്വന്തം ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി വിവിധ കക്ഷികള്‍ ഉള്‍പ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി. 2024-ല്‍ മയക്കുമരുന്ന് ഉപയോഗം പഠിക്കാന്‍ നിയോഗിച്ച സിറ്റിസന്‍സ് അസംബ്ലിയും സമാനമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നത്. സ്വന്തം ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് ആരോഗ്യപരമായ കാരണമായി കാണണമെന്നും, കുറ്റകൃത്യമായി കാണരുതെന്നുമായിരുന്നു അന്ന് അസംബ്ലി നല്‍കിയ നിര്‍ദ്ദേശം. ഇതോടെ ഭാവിയില്‍ രാജ്യത്ത് മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് സ്വന്തം ഉപയോഗത്തിനാണെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ല എന്ന തരത്തില്‍ നിയമമാറ്റം ഉണ്ടായേക്കും.
മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് നിയോഗിച്ച ജോയിന്റ് കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 161 നിര്‍ദ്ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. വിവിധ തലമുറകളിലെ മയക്കുമരുന്ന് ഉപയോഗം, അഡിക്ഷന്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് വെല്‍ബീയിങ്, ന്യൂറോഡൈവേഴ്‌സിറ്റി, പുതിയ ട്രെന്‍ഡുകള്‍ എന്നിങ്ങനെ വിവിധ തലങ്ങളെ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
Misuse of Drugs Act 1977-ലെ സെക്ഷന്‍ 3 പുനഃപരിശോധിച്ച് സ്വന്തം ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് പൂര്‍ണ്ണമായും കുറ്റകരമല്ലാതാക്കുകയാണ് ഒരു പ്രധാന നിര്‍ദ്ദേശം. മയക്കുമരുന്നുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ കുറവ് വരുത്തല്‍, ഇതുകാരണം ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം ഇല്ലാതാക്കല്‍ മുതലായ നിര്‍ദ്ദേശങ്ങളുമുണ്ട്.
സ്വന്തം ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മയക്കുമരുന്നിന്റെ അളവ് എത്രയാകാം എന്നത് നിയമസംവിധാനവും, ഗാര്‍ഡയും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കിയാല്‍ അതിന്റെ ഉപയോഗം വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നും, അതേസമയം പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയ ചെറിയൊരു ശതമാനം പ്രദേശങ്ങളിലെ പൊതു ഇടങ്ങളില്‍ ഉപഭോഗം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും കമ്മിറ്റി പറയുന്നു. അതിനാല്‍ പൊതു ഇടങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം തടയാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നടപടി കൈക്കൊള്ളണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം.
സ്വന്തം ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വച്ചതിന് ആളുകള്‍ പിടിക്കപ്പെടുകയും, അവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്യുന്നത് മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങള്‍ കുറയ്ക്കാന്‍ കാരണമായിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇത്തരക്കാരെ കുറ്റകൃത്യത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തില്‍ തങ്ങളെത്തിയതെന്ന് കമ്മിറ്റി ചെയര്‍പേഴ്‌സനും, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ടിഡിയുമായ ഗാരി ഗാനണ്‍ പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്തെ മയക്കുമരുന്ന് ഉപയോഗം വല്ലാതെ മാറിയിട്ടുണ്ടെന്ന് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സനും, ഫിയനാഫാള്‍ സെനറ്ററുമായ മേരി ഫിറ്റ്‌സ്പാട്രിക്കും പറഞ്ഞു. മുമ്പ് സമൂഹത്തിന്റെ പിന്‍നിരയിലുള്ളവരിലും, അരികുവല്‍ക്കരിക്കപ്പെട്ടിരുന്നവരിലും ഉള്ള ഹെറോയിന്‍ ഉപയോഗം മാത്രമായിരുന്നു അതെങ്കില്‍, ഇന്ന് സമൂഹത്തിലെ പലരും പല മയക്കുമരുന്നുകളും ഉപയോഗിക്കുന്ന തരത്തിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ കൗണ്ടികളിലും, ഗ്രാമങ്ങളിലും, നഗരങ്ങളിലും കൊക്കെയ്ന്‍, കഞ്ചാവ്, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍, പുതിയ മയക്കുമരുന്നുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ ഫിറ്റ്‌സ്പാട്രിക്, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന രീതി കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടിനെ The Irish Coalition for Drug Reform സ്വാഗതം ചെയ്തിട്ടുണ്ട്. ഈ നിര്‍ദ്ദേശം ആരോഗ്യസംബന്ധിയായ ഒന്നാണെന്നും അവര്‍ വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments