ഇന്നത്തെ ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ വീണ്ടും സമരം: മുന്നറിയിപ്പുമായി രാജ്യത്തെ ആംബുലൻസ് ജീവനക്കാർ

By Rose Malayalam Desk

നാഷണല്‍ ആംബുലന്‍സ് സര്‍വീസ് (NAS) ജീവനക്കാരുമായുള്ള സര്‍ക്കാരിന്റെ പ്രശ്പരിഹാരചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന മുന്നറിയിപ്പുമായി തൊഴിലാളി സംഘടനയായ യുണൈറ്റ്. 2020-ലെ ശമ്പളവര്‍ദ്ധന അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് യുണൈറ്റ്, സിപ്റ്റു എന്നീ സംഘടനകളില്‍ അംഗങ്ങളായ ആംബുലന്‍സ് ജീവനക്കാര്‍ മെയ് 12-ന് 24 മണിക്കൂര്‍ പണിമുടക്ക് നടത്തിയിരുന്നു.

തുടര്‍ന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി 48 മണിക്കൂര്‍ പണിമുടക്കും ആഹ്വാനം ചെയ്തിരുന്നെങ്കിലും നിലവില്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ അത് വേണ്ടെന്ന് വച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച വര്‍ക്ക്-ടു-റൂള്‍ രീതിയിലുള്ള സമരവും, മെയ് 26-ന് പദ്ധതിയിട്ടിരിക്കുന്ന 72 മണിക്കൂര്‍ പണിമുടക്കും മാറ്റമില്ലാതെ നടക്കുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചത്തെ സമരത്തിന് പൊതുസമൂഹത്തില്‍ നിന്നും വലിയ രീതിയില്‍ പിന്തുണ ലഭിച്ചതായി പറഞ്ഞ യുണൈറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഹ്രഹാം, മാനേജ്‌മെന്റിന് ഇക്കാര്യം ബോധ്യമായിട്ടില്ലെന്നും കുറ്റപ്പെടുത്തി.

നിര്‍ദ്ദേശം നടപ്പിലാക്കാനായി ജീവനക്കാര്‍ ആറ് വര്‍ഷം കാത്തിരുന്നുവെന്നും, ഇനി ഒരു തരത്തിലുള്ള കാലതാമസവും അംഗീകരിക്കാനാകില്ലെന്നും യുണൈറ്റ് റീജിയണല്‍ ഓഫീസറായ ഓയിന്‍ ഡ്രമ്മിയും വ്യക്തമാക്കി. ഇന്നത്തെ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകാത്തപക്ഷം ഏത് തരത്തിലുള്ള നടപടിക്കും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments