ബെൽഫാസ്റ്റ് കലാപത്തിൽ വീട്ടിൽ കുടുങ്ങിയവർക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് ഒരു ഇന്ത്യക്കാരി

By Rose Malayalam Desk

ബെല്‍ഫാസ്റ്റില്‍ സ്വദേശിയായ ഒരാളെ കുടിയേറ്റക്കാരന്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതില്‍ രോഷം പുകയുന്നതിനിടെ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണവിതരണവുമായി ഇന്ത്യക്കാരി. കത്തിക്കുത്തിലെ പ്രതി സുഡാന്‍ സ്വദേശിയായ കുടിയേറ്റക്കാരനാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബെല്‍ഫാസ്റ്റ് അടക്കം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പലയിടത്തും കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കലാപം നടന്നുവരുന്നുണ്ടായിരുന്നു. കലാപത്തിനിടെ വീടുകളില്‍ കുടുങ്ങിയവര്‍ക്ക് 100-ഓളം മീല്‍സ് ആണ് ഇന്ത്യക്കാരിയായ രുചിര രംഗപ്രസാദ് എന്ന 23-കാരി സൗജന്യമായി എത്തിച്ചുനല്‍കിയത്.

ബെല്‍ഫാസ്റ്റില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ജോലി ചെയ്യുന്ന രുചിര, കഴിഞ്ഞ ബുധനാഴ്ചയാണ് കലാപം കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചുനല്‍കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ ഡെലിവറി ഡ്രൈവര്‍മാര്‍ അടക്കമുള്ള വൊളന്റിയേഴ്‌സിനെയും അവര്‍ കണ്ടെത്തി. ഭക്ഷണത്തിന് പുറമെ നാപ്പീസ്, ടോയ്‌ലറ്റ് പോപ്പര്‍, പിരിയഡ് പാഡുകള്‍ മുതലായ അവശ്യവസ്തുക്കളും എത്തിച്ചുനല്‍കാന്‍ രുചിര തയ്യാറായി.

തനിക്ക് കാര്‍ ഇല്ലാത്തതിനാല്‍ കഴിയുന്നവര്‍ക്ക് വീട്ടിലെത്തിയാല്‍ ഭക്ഷണം നല്‍കാമെന്നും രുചിര പറഞ്ഞിരുന്നു. തുടര്‍ന്ന് ഒരു സ്ത്രീ ബന്ധപ്പെട്ട് തനിക്ക് കാര്‍ ഉണ്ടെന്നും, ഭക്ഷണം ഡെലിവര്‍ ചെയ്യാമെന്നും പറഞ്ഞു. ബെല്‍ഫാസ്റ്റില്‍ കലാപവും അക്രമവും കാരണം നിരവധി കടകള്‍ അടയ്ക്കുകയും ചെയ്തതോടെ പലരും ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു എന്നതിനാല്‍ രുചിരയുടെ സഹായത്തിന് ജീവനോളം തന്നെ വിലയുണ്ടായിരുന്നു.

കുടിയേറ്റക്കാര്‍ക്ക് മാത്രമല്ല ഐറിഷ് സ്വദേശികള്‍ക്കും തങ്ങള്‍ സഹായം നല്‍കിയെന്നും, ഭക്ഷണം ആര് കഴിക്കുന്നു എന്നതില്‍ പ്രസക്തിയില്ലെന്നും രുചിര പറയുന്നു. ഭിന്നശേഷിക്കാരായ ആളുകളും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം ഒരാഴ്ചയോളം നീണ്ട കലാപത്തിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ഥിതിഗതികള്‍ പതിയെ ശാന്തമായി വരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments