നോർത്തേൺ അയർലണ്ടിൽ പോലീസ് സ്റ്റേഷന് സമീപം ബോംബ് സ്ഫോടനം. ശനിയാഴ്ച രാത്രി 10.50-ഓടെ ബെൽഫാസ്റ്റിലെ കിങ്സ്‌വേയിലുള്ള ഡൺമറി പോലീസ് സ്റ്റേഷനിലേയ്ക്ക് സ്ഫോടകവസ്തു നിറച്ച കാർ എത്തിക്കുകയും കാർ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ശനിയാഴ്ച രാത്രി പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ നിന്നും ഒരു വാഹനം തട്ടിയെടുക്കുകയും അതിന്റെ പിന്നിൽ ഗ്യാസ് സിലിണ്ടർ ഉപകരണം സ്ഥാപിക്കുകയുമാണ് സ്ഫോടനത്തിന് പിന്നിലുള്ളവർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശേഷം കിംഗ്‌സ്‌വേ ഏരിയയിലെ ഡൺമറി പോലീസ് സ്റ്റേഷനിലേക്ക് കാർ ഓടിച്ചു കൊണ്ടുപോകാനും അത് പുറത്ത് ഉപേക്ഷിക്കാനും ഒരു ഡെലിവറി ഡ്രൈവറെ ഭീഷണിപ്പെടുത്തി. ഇതറിഞ്ഞ അധികൃതർ സ്റ്റേഷനിലെ അറ്റാക്ക് അലാറം പ്രവർത്തിപ്പിക്കുകയും, പ്രദേശത്തു നിന്നും സാധാരണക്കാരെ അടക്കം ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെ കാർ പൊട്ടിത്തെറിച്ചു. ശക്തമായ സ്ഫോടനത്തിൽ കാർ തകർന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.
സമാനമായ ഒരു സംഭവം മാർച്ചിൽ ലൂർഗൻ പോലീസ് സ്റ്റേഷനിലും നടന്നിരുന്നു. ശക്തി കുറഞ്ഞ സ്ഫോടക വസ്തു സ്ഥാപിച്ച കാർ ലൂർഗൻ പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിക്കാൻ അന്ന് ഒരു ഡെലിവറി ഡ്രൈവറോട് അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കാർ സ്റ്റേഷന് സമീപം ഉപേക്ഷിച്ച ഡ്രൈവർ പരിഭ്രാന്തിയോടെ കാര്യം അധികൃതരെ അറിയിക്കുകയും, ബോംബ് സ്‌ക്വാഡ് എത്തി സമയോചിതമായി സ്ഫോടക വസ്തു നിർവീര്യമാക്കുകയുമാണ് അന്ന് സംഭവിച്ചത്.
സംഭവത്തിന് പിന്നിൽ നവ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐആർഎ) ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് നോർത്തേൺ അയർലണ്ട് പോലീസ് ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ ബോബി സിംഗിൾട്ടൻ പറഞ്ഞു. സംഭവം ഭീകര വിരുദ്ധ പോലീസ് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ അപലപിച്ചുകൊണ്ട് നോർത്തേൺ അയർലണ്ട് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീൽ, അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments