‘ആരും നിയമത്തിന് തൊടാൻ കഴിയാത്തവരല്ല’; കിനഹാൻ ക്രിമിനൽ സംഘത്തിലെ പ്രധാനിക്ക് അയർലണ്ടിൽ 24 വർഷം തടവ്

By Rose Malayalam Desk

കിനഹാന്‍ ക്രിമിനല്‍ സംഘത്തിലെ പ്രധാന അംഗമായ ഷോണ്‍ മക്ഗവേണിന് അയര്‍ലണ്ടില്‍ 24 വര്‍ഷം തടവുശിക്ഷ. ക്രിസ്റ്റഫര്‍ കിര്‍വാന്‍ എന്ന സാധാരണക്കാരന്റെ കൊലപാതകം പദ്ധതിയിടുക, നിരീക്ഷിക്കുക, ആളെ ഏര്‍പ്പാട് ചെയ്ത് നടപ്പിലാക്കുക എന്നീ കുറ്റകൃത്യങ്ങള്‍ക്കും, ഒപ്പം മറ്റൊരാളെ കൊല്ലാന്‍ പദ്ധതിയിട്ടതിനുമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് ഡബ്ലിന്‍ സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതി കണ്ടെത്തിയത്. യുഎഇയില്‍ പിടിയിലായ ഇയാളെ വിചാരണയ്ക്കായി അയര്‍ലണ്ടിന് കൈമാറുകയായിരുന്നു.

40-കാരനായ മക്ഗവേണ്‍ കിനഹാന്‍ ക്രിമിനല്‍ സംഘത്തിന്റെ പല പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു എന്നാണ് വിവരം. 2016-ലെ കുപ്രസിദ്ധമായ ഡബ്ലിന്‍ റീജന്‍സി ഹോട്ടല്‍ വെടിവെപ്പില്‍ ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് എതിര്‍ സംഘമായ ഹച്ച് ഗ്യാങ്ങാണ് വെടിവെപ്പ് നടത്തിയത്.

2016 ഡിസംബര്‍ 22-നാണ് നോയല്‍ കിര്‍വാന്‍ എന്നുകൂടി അറിയപ്പെടുന്ന ക്രിസ്റ്റഫര്‍ കിര്‍വാന്‍ ഡബ്ലിനിലെ ക്ലോണ്‍ഡാല്‍ക്കിനിലുള്ള വീടിന് പുറത്തുവച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരുതരത്തിലുള്ള കുറ്റകൃത്യങ്ങളിലും പങ്കാളിയല്ലായിരുന്നു 62-കാരനായ കിര്‍വാന്‍. അതേസമയം കിനഹാന്‍ സംഘത്തിന്റെ എതിരാളികളായ ഹച്ച് ഗ്യാങ്ങിന്റെ തലവന്‍ ജെറി ഹച്ചുമായി കിര്‍വാന് ദീര്‍ഘകാല പരിചയമുണ്ടായിരുന്നു എന്നതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഈ കൊലപാതകം ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കാന്‍ നിര്‍ദ്ദേശം ചെയ്യുകയുമടക്കമുള്ള കുറ്റങ്ങള്‍ക്ക് 14 വര്‍ഷമാണ് മക്ഗവേണിനെ കോടതി ശിക്ഷിച്ചത്.

ഇതിന് പുറമെ ഹച്ച് സംഘത്തില്‍ പെട്ട ജെയിംസ് ഗേറ്റ്‌ലി എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 10 വര്‍ഷം തടവും വിധിച്ചു. ഈ കൊലപാതകശ്രമം പക്ഷേ പരാജയപ്പെട്ടിരുന്നു.

അതേസമയം ആരും നിയമത്തിന് തൊടാൻ കഴിയാത്തവരല്ലെന്ന് ശിക്ഷാവിധിക്ക് ശേഷം ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.

കിനഹാന്‍ സംഘത്തിന്റെ തലനായ ഡാനിയല്‍ കിനഹാനും ഏപ്രില്‍ 14-ന് ദുബായ് പൊലീസിന്റെ പിടിയിലായിരുന്നു. ഇയാള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി ഇയാളെ അയര്‍ലണ്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments