ഗർഭിണിയായിരുന്ന പങ്കാളിയെ കൊലപ്പെടുത്തിയ പ്രതിക്ക് നോർത്തേൺ അയർലണ്ടിൽ 31 വർഷം തടവ്

By Rose Malayalam Desk

ഗര്‍ഭിണിയായിരുന്ന പങ്കാളിയെ കൊലപ്പെടുത്തിയ പ്രതിക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 31 വര്‍ഷം തടവുശിക്ഷ. 36-കാരനായ സ്റ്റീഫന്‍ മക്കള്ള എന്നയാളാണ് 2022 ഡിസംബര്‍ 18-ന് പങ്കാളിയായിരുന്ന നതാലി മക്‌നാളിയെ അവരുടെ ലൂര്‍ഗനിലുള്ള വീട്ടില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകി താനല്ലെന്ന് വരുത്തിത്തീര്‍ക്കാനായി സംഭവം നടക്കുന്ന സമയം താന്‍ ലൈവായി യൂട്യൂബില്‍ ഗെയിം കളിക്കുന്നത് സ്ട്രീം ചെയ്യുന്ന തരത്തില്‍ ഒരു വീഡിയോ പ്രതി അപ്ലോഡ് ചെയ്തിരുന്നെങ്കിലും, ഇത് നേരത്തെ റെക്കോര്‍ഡ് ചെയ്തിരുന്ന വ്യാജ വീഡിയോ ആണെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. കൊല്ലപ്പെടുമ്പോള്‍ 15 ആഴ്ച ഗര്‍ഭിണിയായിരുന്നു നതാലി.

ഡിസംബര്‍ 14-നാണ് പ്രതിയായ സ്റ്റീഫന്‍ താന്‍ ഗെയിം കളിക്കുന്നതിന്റെ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. ശേഷം ഇത് ഡിസംബര്‍ 18-ന് ലൈവായി ഫേസ്ബുക്കില്‍ ബ്രോഡ്കാസ്റ്റ് ചെയ്തു. ഗെയിമര്‍ കൂടിയായ ഇയാളുടെ വീഡിയോ ധാരാളം പേര്‍ ഈ സമയം കാണുന്നുമുണ്ടായിരുന്നു. ഈ സമയം ഇയാള്‍ പൊതുഗതാഗത സംവിധാനത്തില്‍ കൗണ്ടി അര്‍മായിലുള്ള ലൂര്‍ഗനിലെ നതാലിയുടെ വീട്ടിലെത്തി ക്രൂരമായി മര്‍ദ്ദിച്ചും, കുത്തിയും അവരെ കൊലപ്പെടുത്തുകയുമായിരുന്നു.

തൊട്ടടുത്ത ദിവസം വീണ്ടും നതാലിയുടെ വീട്ടിലെത്തിയ പ്രതി, ഒന്നുമറിയാത്തതു പോലെ എമര്‍ജന്‍സി സര്‍വീസിനെ വിളിക്കുകയും, പങ്കാളിയുടെ ശരീരം കണ്ടെത്തിയതായി പറയുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും, നതാലിയുടെ മുന്‍ കാമുകനിലേയ്ക്ക് കേസ് നീളുകയും, സ്റ്റീഫന്റെ യൂട്യൂബ് ലൈവ് സ്ട്രീം ഇയാള്‍ കുറ്റം ചെയ്തില്ലെന്ന നിഗമനത്തിലെത്താന്‍ തെളിവായി ലഭിക്കുകയും ചെയ്തതോടെ ഇയാളെ പിന്നീട് കേസെടുക്കാതെ വിട്ടയച്ചിരുന്നു. കൊലപാതകത്തിന് ശേഷവും നതാലിയുടെ കുടുംബത്തോട് ഒന്നും സംഭവിക്കാത്ത പോലെ ഇയാള്‍ പെരുമാറി.

പക്ഷേ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സൈബര്‍ ക്രൈം വിഭാഗം ഈ വീഡിയോ നേരത്തെ റെക്കോര്‍ഡ് ചെയ്ത് ലൈവ് സ്ട്രീം ചെയ്തതാണെന്ന് കണ്ടെത്തിയതോടെ 2023-ല്‍ സ്റ്റീഫനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

നതാലി ഗര്‍ഭിണിയാണെന്ന കാര്യം പ്രതിയായ സ്റ്റീഫന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നുവെന്ന് വിധി പ്രസ്താവിക്കവെ കോടതി നിരീക്ഷിച്ചു. പ്രതി ചെയ്തത് കരുതിക്കൂട്ടിയുള്ള ക്രൂരമായ കുറ്റകൃത്യമാണെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments