ഇംഗ്ലണ്ടിലെ സൗത്താംപ്ടണിൽ മലയാളി യുവാവിന് കുത്തേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുത്തേറ്റ 36 വയസ്സുകാരൻ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. ആക്രമണം നടത്തിയതായി സംശയിക്കുന്ന 32 വയസ്സുകാരൻ എറണാകുളം സ്വദേശിയാണെന്നും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.
സൗത്താംപ്ടണിലെ പോർട്സ്‌വുഡിൽ ബ്രൂക്ക്‌വെയിൽ റോഡിലെ ഫ്ലാറ്റിലാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷം സംഭവം നടന്നത്. വയറിന് കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ പാരാമെഡിക്കുകൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് കത്തിയും കണ്ടെത്തിയിട്ടുണ്ട്. യുവാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
കുത്തേറ്റ യുവാവും ആക്രമണം നടത്തിയതായി സംശയിക്കുന്ന വ്യക്തിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഇരുവരുടെയും കുടുംബങ്ങൾ ഒരുകാലത്ത് ഒരേ വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇരുവരും ഒരേ സ്ഥാപനത്തിൽ കെയർ വർക്കർമാരായി ജോലി ചെയ്തിരുന്നവരാണ്. പിന്നീട് ജോലി ചെയ്യുന്ന സ്ഥാപനം മാറിയതോടെയാണ് ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതെന്നാണ് വിവരം.കുത്തിയതായി സംശയിക്കുന്ന വ്യക്തിയും ഭാര്യയും ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനായി കുത്തേറ്റ യുവാവ് താമസിക്കുന്ന ഫ്ലാറ്റിലെത്തിയതായാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. വാതിൽ തുറന്നതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്.
എന്നാൽ സംഭവത്തിന്റെ ഈ വിശദാംശങ്ങൾ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് ആദ്യം 38 വയസ്സുകാരനായ പുരുഷനെയും 29 വയസ്സുകാരിയായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമം നടത്തിയെന്ന സംശയത്തിലായിരുന്നു പുരുഷന്റെ അറസ്റ്റ്; കുറ്റവാളിയെ സഹായിച്ചെന്ന സംശയത്തിലായിരുന്നു സ്ത്രീയുടെ അറസ്റ്റ്. തുടർന്ന് 32 വയസ്സുകാരനായ മലയാളിയെയും കൊലപാതകശ്രമം സംശയിച്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മൂന്നുപേരും മലയാളികളാണ്.
അതേസമയം, കുത്തേറ്റ യുവാവിന് ഇതിനകം രണ്ട് ശസ്ത്രക്രിയകൾ നടത്തിയതായാണ് വിവരം. സംഭവത്തിന് പിന്നാലെ ആദ്യ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസമാണ് നടന്നത്. നിലവിൽ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.സംഭവത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (CID) നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഇരുവർക്കുമിടയിലെ തർക്കത്തിലേക്ക് നയിച്ച കാരണങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പോർട്സ്‌വുഡ് പ്രദേശത്ത് പൊലീസ് പട്രോളിങ്ങും തുടരുന്നുണ്ട്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments