യാത്രക്കാരുടെ എണ്ണം 55 മില്യൺ എന്ന റെക്കോർഡിൽ; എന്നാൽ പരാതികളുടെ എണ്ണം 19% കുറച്ച് നേട്ടവുമായി ലുവാസ് സർവീസ്

By Rose Malayalam Desk

യാത്രക്കാരുടെ എണ്ണം 55 മില്യൺ എന്ന റെക്കോർഡിൽ എത്തിയിട്ടും, സാമൂഹിക വിരുദ്ധ പെരുമാറ്റവും, യാത്രാ തടസ്സങ്ങളും ഉൾപ്പെടെയുള്ള ലുവാസ് സേവനങ്ങളെക്കുറിച്ചുള്ള മൊത്തത്തിലുള്ള പരാതികൾ കഴിഞ്ഞ വർഷം 19% കുറഞ്ഞു.
പുതിയ കണക്കുകൾ പ്രകാരം 2025-ൽ ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്‌ഡേവിന് ആകെ 5,780 പരാതികൾ ആണ് ലഭിച്ചത്. 2024-ൽ ഇത് 7,100 ആയിരുന്നു. ചരിത്രത്തിൽ തന്നെ ലുവാസിനെ സംബന്ധിച്ച് ഏറ്റവുമധികം പരാതികൾ ഫയൽ ചെയ്തതും 2024-ൽ ആയിരുന്നു. എന്നാൽ 2025-ൽ പരാതികളുടെ എണ്ണത്തിൽ 1,320 എണ്ണത്തിന്റെ വലിയ കുറവാണ് സംഭവിച്ചത്.

ലുവാസ് ട്രാമുകളിലും സ്റ്റോപ്പുകളിലുമുള്ള സാമൂഹിക വിരുദ്ധ പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകളാണ് 2025-ലും പൊതുജനങ്ങളിൽ നിന്നുള്ള പരാതികളിൽ ഏറ്റവും മുന്നിൽ. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 2,251 പരാതികളാണ് രേഖപ്പെടുത്തിയത്.
എങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ആദ്യമായാണ് സാമൂഹിക വിരുദ്ധ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഏറ്റവുമധികം പരാതികൾ ഉയർന്നത് 2024-ൽ ആയിരുന്നു – 2,625. ഇത്തവണ അതിൽ 14% കുറവ് വന്നിട്ടുണ്ട്.

പരാതികളുടെ രണ്ടാമത്തെ പ്രധാന ഉറവിടം ടിക്കറ്റ് മെഷീനുകളിലെ പ്രശ്നങ്ങളാണ്. എന്നിരുന്നാലും ഈ വിഷയത്തിലുള്ള പരാതികളുടെ എണ്ണം 2024-നെ അപേക്ഷിച്ച് 2025-ൽ 35% കുറഞ്ഞ് 978 ആയി.

സർവീസ് തടസപ്പെടുന്നത് സംബന്ധിച്ച പരാതികൾ 25 ശതമാനം കുറഞ്ഞ് 910-ഉം, ലുവാസ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിമർശനങ്ങൾ 14 ശതമാനം കുറഞ്ഞ് 607-ഉം ആയിട്ടുണ്ട്. ലുവാസിൽ യാത്ര ചെയ്യുന്നതിനിടെ തനിക്ക് പരിക്കേറ്റുവെന്ന് പരാതിപ്പെട്ടവരുടെ എണ്ണം 44 ശതമാനം കുറഞ്ഞ് 71 ആയി.

മറുവശത്ത് വാലിഡേറ്റർ മെഷീനുകളിലെ പ്രശ്നങ്ങളും (4% വർദ്ധിച്ച് 255 ആയി), സ്റ്റോപ്പുകളിലെ വൃത്തിയില്ലായ്മയും (24% വർദ്ധിച്ച് 230 ആയി) ഉൾപ്പെടെയുള്ള ചില പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികളിൽ വർദ്ധനവുമുണ്ടായിട്ടുണ്ട്.

ട്രാമുകളിലെ തിരക്കിനെക്കുറിച്ചുള്ള പരാതികൾ 71 എന്ന നിലയിൽ പ്രത്യേകിച്ച് മാറ്റമില്ലാതെ നിൽക്കുകയാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ലുവാസിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1.7% വർദ്ധിച്ച് ഏകദേശം 54,976,000 ആയിരുന്നു. 2024-നേക്കാൾ ഏകദേശം 961,000 യാത്രക്കാരാണ് വർദ്ധിച്ചത്.

ഗ്രീൻ ലൈനിലെ യാത്രക്കാരുടെ എണ്ണം ഏകദേശം ഏഴ് ശതമാനം വർദ്ധിച്ച് 27.4 മില്യൺ ആയിട്ടുണ്ട്. 1.9 മില്യൺ ആണ് വാർഷിക വർദ്ധന.

അതേസമയം ജോർജ്ജ് ഡോക്ക് ബ്രിഡ്ജിലെ തീപിടുത്തത്തെത്തുടർന്ന് പാളത്തിന് കേടുപാടുകൾ സംഭവിച്ച് സേവനങ്ങൾ തടസ്സപ്പെട്ടത് റെഡ് ലൈനിൽ യാത്രക്കാരുടെ എണ്ണം മൂന്ന് ശതമാനത്തിലധികം കുറഞ്ഞ് 27.6 മില്യൺ ആകാൻ കാരണമായി. 2024-ലെ കണക്കിനേക്കാൾ ഏകദേശം 900,000 യാത്രക്കാർ ആണ് കുറഞ്ഞത്.
പാലം അറ്റകുറ്റപ്പണി നടത്തുന്നതിനായി 2025 ഓഗസ്റ്റിനും നവംബറിനും ഇടയിൽ മൂന്ന് മാസത്തിലേറെയായി കൊണോലി, ദ പോയിന്റ് എന്നിവയ്ക്ക് ഇടയിലുള്ള സർവീസ് നിർത്തിവെച്ചിരുന്നു.

ഈ വർഷം ഏപ്രിൽ 5 വരെ ലുവാസിൽ 15.5 മില്യൺ യാത്രകൾ നടന്നതായാണ് ട്രാൻസ്‌ഡേവിന്റെ കണക്ക്. 2025-ലെ സമാന കാലയളവിനെ അപേക്ഷിച്ച് 4% അധികമാണിത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments