അയർലണ്ടിൽ വൻകിട ബഹുരാഷ്ട്ര കമ്പനികൾ അവരുടെ നികുതി നേരത്തെ അടച്ചുതീർത്തതിനെത്തുടർന്ന്, സെപ്റ്റംബറിൽ കോർപ്പറേഷൻ ടാക്സ് ആയി ഏകദേശം 5 ബില്യൺ യൂറോ സമാഹരിച്ച് സർക്കാർ. 4.9 ബില്യൺ യൂറോ കോർപ്പറേഷൻ നികുതിയായി സെപ്റ്റംബറിൽ ലഭിച്ചതായാണ് ട്രഷറി കണക്കുകൾ വ്യക്തമാക്കുന്നത്. 2025 സെപ്റ്റംബറിലിത് 1.8 ബില്യൺ യൂറോ മാത്രമായിരുന്നു.
നവംബറിലും ഡിസംബറിലും അടയ്ക്കുന്നതിന് പകരം, പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ നികുതികൾ നേരത്തെ അടച്ചതാണ് കോർപ്പറേഷൻ നികുതി വരുമാനത്തിൽ ഇത്രയും വലിയ വർദ്ധനവുണ്ടാകാൻ കാരണമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. മൊത്തത്തിൽ, സെപ്റ്റംബർ അവസാനം വരെ 22.7 ബില്യൺ യൂറോ കോർപ്പറേഷൻ നികുതിയായി പിരിച്ചെടുത്തിട്ടുണ്ട്.
2026-ൽ ഇതുവരെ 27.8 ബില്യൺ യൂറോ ആദായനികുതിയായി പിരിച്ചെടുത്തു; ഇതിൽ സെപ്റ്റംബറിലെ 2.8 ബില്യൺ യൂറോയും ഉൾപ്പെടുന്നു. ഇത് 2026 സെപ്റ്റംബറിലെ അനുമാനത്തേക്കാൾ 0.2 ബില്യൺ യൂറോ അധികമാണ്.
സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 0.4 ബില്യൺ യൂറോ എക്സൈസ് ഡ്യൂട്ടി വരുമാനത്തിൽ 0.1 ബില്യൺ യൂറോയുടെ ഇടിവുണ്ടായിട്ടുണ്ട്.
ഈ വർഷം ഇതുവരെ ആകെ 4.4 ബില്യൺ യൂറോ എക്സൈസ് വരുമാനമായി പിരിച്ചെടുത്തു; 2025-ലെ ഇതേ കാലയളവിൽ ഇത് 4.8 ബില്യൺ യൂറോയായിരുന്നു. ഈ വർഷം ആദ്യം സർക്കാർ ഇന്ധനങ്ങൾക്ക് ഏർപ്പെടുത്തിയ എക്സൈസ് ഡ്യൂട്ടി ഇളവാണ് ഈ ഇടിവിന് കാരണമെന്നാണ് ധനകാര്യ വകുപ്പിന്റെ വാദം.
സെപ്റ്റംബർ വാറ്റ് (VAT) അടയ്ക്കേണ്ട മാസമാണ്; 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.6 ബില്യൺ യൂറോയുടെ വർദ്ധനവോടെ ഈ മാസം 4.1 ബില്യൺ യൂറോ വാറ്റായി സമാഹരിച്ചു.
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 1.2 ബില്യൺ യൂറോ, ക്യാപിറ്റൽ ഗെയിൻസ് ടാക്സായി 586 മില്യൺ യൂറോ, ക്യാപിറ്റൽ അക്വിസിഷൻസ് ടാക്സായി 286 മില്യൺ യൂറോ എന്നിവയാണ് സെപ്റ്റംബറിൽ സമാഹരിച്ച മറ്റ് നികുതികൾ.
സെപ്റ്റംബർ അവസാനത്തോടെ സർക്കാർ ഖജനാവ് 2.4 ബില്യൺ യൂറോയുടെ മിച്ചം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ഘട്ടത്തിൽ ഇത് 1.4 ബില്യൺ യൂറോയായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments