അയർലണ്ട് ലക്സംബർഗിനെ മറികടന്ന് 2030-ഓടെ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറും: IMF

By Rose Malayalam Desk

അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഏറ്റവും പുതിയ സാമ്പത്തിക പ്രവചനങ്ങൾ പ്രകാരം, 2030-ഓടെ അയർലണ്ട് ലക്സംബർഗിനെ മറികടന്ന് യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറും. രാജ്യങ്ങൾ തമ്മിലുള്ള വില വ്യത്യാസങ്ങൾ ക്രമീകരിക്കുന്ന പർച്ചേസിംഗ് പവർ പാരിറ്റി (PPP) സഹിതമുള്ള പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ (GDP per capita) അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനം.

അടുത്ത നാല് വർഷത്തിനുള്ളിൽ അയർലണ്ട് യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറുമ്പോൾ ഇവിടുത്തെ പർച്ചേസിംഗ് പവർ പാരിറ്റി പ്രതിശീർഷ ജിഡിപി (GDP per capita PPP) ഏകദേശം 168,000 യൂറോ ആയിരിക്കും, ലക്സംബർഗിന്റേത് 154,000 യൂറോയും. പട്ടികയിൽ നോർവേ, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക് എന്നിവയാണ് പിന്നാലെയുള്ളത്.

യൂറോപ്പിലെ ഏറ്റവും വലിയ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ പെടുന്ന ജർമ്മനി 12-ാം സ്ഥാനത്തും ഫ്രാൻസ് 15-ാം സ്ഥാനത്തും യുണൈറ്റഡ് കിംഗ്ഡം 16-ാം സ്ഥാനത്തുമാകും. പ്രവചനമനുസരിച്ച്, ആദ്യ അഞ്ച് രാജ്യങ്ങളും ബാക്കി യൂറോപ്പും തമ്മിൽ വലിയ വ്യത്യാസമുണ്ടാകും. ജർമ്മനിയുടെ പ്രതിശീർഷ ജിഡിപി 79,000 യൂറോയിലും യുകെയുടേത് 66,000 യൂറോയിലും എത്തുമെന്നുമാണ് പ്രവചനം.

അതേസമയം വൻകിട ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിധ്യം അയർലണ്ടിന്റെ ജിഡിപി (GDP) കണക്കുകളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും, അതിനാൽ രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തിക ഉൽപ്പാദനത്തിന്റെ മികച്ച അളവുകോൽ മൊത്ത ദേശീയ വരുമാനം (Gross National Income – GNI) ആയിരിക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ വാദിക്കുന്നുന്നുണ്ട്.
ലോകബാങ്കിന്റെ 2024-ലെ കണക്കുകൾ പ്രകാരം GNI വെച്ച് നോക്കിയാൽ അയർലണ്ട് യൂറോപ്പിലെ ആദ്യ നാല് രാജ്യങ്ങളിൽ ഇടംപിടിക്കില്ല.

അതേസമയം പിപിപി (PPP) കണക്കിലെടുക്കാതെയുള്ള ജിഡിപി റാങ്കിംഗിൽ, 2030-ലും ലക്സംബർഗ് തന്നെയായിരിക്കും യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യം. 2030-ൽ അവിടെ പ്രതിശീർഷ വരുമാനം 152,400 യൂറോ ആയിരിക്കും, അയർലണ്ടിൽ ഇത് 137,800 യൂറോയും. ഈ വർഷം അയർലണ്ടിൽ 2.5 ശതമാനം യഥാർത്ഥ ജിഡിപി (real GDP) വളർച്ച ഐഎംഎഫ് പ്രവചിച്ചിട്ടുണ്ട്.

സാമ്പത്തികമായി വരും വർഷങ്ങളിൽ മികച്ച നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് രാജ്യങ്ങളിൽ നെതർലൻഡ്‌സും മാൾട്ടയും ഉൾപ്പെടുന്നുണ്ട്. ഇവ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ്. ഇറ്റലി 18-ാം സ്ഥാനത്തും സ്പെയിൻ 22-ാം സ്ഥാനത്തും എത്തുമെന്നാണ് പ്രവചനം.
പട്ടികയുടെ താഴെത്തട്ടിൽ യൂറോപ്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിക്കുന്ന ചില രാജ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും ദരിദ്രമായ മൂന്ന് രാജ്യങ്ങൾ ഉക്രൈൻ, കൊസോവോ, മോൾഡോവ എന്നിവയായിരിക്കുമെന്നാണ് പ്രവചനം.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments