ഐറിഷ് ബാങ്കായ PTSB-യെ ഓസ്ട്രിയൻ ബാങ്ക് ഏറ്റെടുക്കുന്നു; വിൽപ്പന 1.6 ബില്യൺ യൂറോയ്ക്ക്

By Rose Malayalam Desk

രാജ്യത്തെ പ്രശസ്ത ബാങ്കായ Permanent TSB-യെ ഓസ്ട്രിയന്‍ ബാങ്ക് ഏറ്റെടുക്കുന്നു. ഓസ്ട്രിയയിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ BAWAG PSK, 1.6 ബില്യണ്‍ യൂറോ മുടക്കിയാണ് Permanent TSB-യെ വാങ്ങുക. ഒരു ഓഹരിക്ക് 2.97 യൂറോ എന്ന നിലയിലാണ് ഇത്.

അതേസമയം PTSB-യിലെ 57.5% ഓഹരി രാജ്യത്തിന്റെ ധനമന്ത്രിയുടെ പേരിലാണ്. ഈ വില്‍പ്പന നടക്കുന്നതോടെ 931 മില്യണ്‍ യൂറോയാണ് സര്‍ക്കാരിന് ലഭിക്കുക. 2009-ലെ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നും ബാങ്കുകളെ രക്ഷിക്കാനായാണ് സര്‍ക്കാര്‍ വിവിധ ബാങ്കുകളില്‍ പണം നിക്ഷേപിച്ചത്. PTSB വില്‍പ്പന നടക്കുന്നതോടെ ഇത്തരത്തില്‍ സര്‍ക്കാര്‍ പണം നിക്ഷേപിച്ചിരുന്ന അവസാന ഐറിഷ് ബാങ്കിലെ ഓഹരിയും തിരികെ ലഭിക്കുകയാണ്.

രാജ്യത്തെ ബാങ്കിങ് മേഖലയെ വീണ്ടും സാധാരണവല്‍ക്കരിക്കുകയാണ് ഇതോടെ സാധ്യമാകുകയെന്ന് ധനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. PTSB-യെയും, അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയെയും പിന്തുണയ്ക്കുന്നവരാണ് പുതിയ ഉടമകളെന്ന് പറഞ്ഞ ഹാരിസ്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ റീട്ടെയില്‍ ബാങ്കിങ് രംഗത്ത് നടന്ന ഏറ്റവും വലിയ വളര്‍ച്ചയാണിതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം AIB, PTSB മുതലായ ബാങ്കുകളിലെ സര്‍ക്കാര്‍ പങ്കാളിത്തം തുടരേണ്ടതുണ്ടായിരുന്നുവെന്നും, അത് ഐറിഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തണമായിരുന്നുവെന്നും ഷിന്‍ ഫെയ്‌ന്റെ സാമ്പത്തിക വക്താവായ പിയേഴ്‌സ് ഡോഹര്‍ട്ടി പ്രതികരിച്ചു. ഈ ബാങ്കുകള്‍ സ്വകാര്യ ഉടമസ്ഥതയിലാകുന്നതോടെ സ്വകാര്യ ഓഹരിയുടമകളുടെ താല്‍പര്യങ്ങള്‍ക്കുനുസൃതമായി മാത്രമേ അവ ഇനി പ്രവര്‍ത്തിക്കുകയുള്ളൂവെന്ന പ്രശ്‌നം ഉദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments