ഗാര്‍ഡയില്‍ നിന്നും രക്ഷപ്പെടുന്നതിനായി മണിക്കൂറില്‍ 190 കി.മീ വേഗതയില്‍ കാറോടിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയ്ക്ക് രക്ഷപ്പെട്ടയാള്‍ക്ക് രണ്ട് വര്‍ഷത്തെ ഡ്രൈവിങ് വിലക്ക്. Buncrana സ്വദേശിയായ അലക്‌സ് വാര്‍ഡ് എന്ന 19-കാരനെയാണ് ലെറ്റര്‍കെന്നി ജില്ലാ കോടതി ശിക്ഷിച്ചത്. ഇയാള്‍ 1,050 യൂറോ പിഴയൊടുക്കുകയും വേണം.
2025 മെയ് 26-ന് Newtowncunningham-ലെ Colehill പ്രദേശത്തുവച്ചാണ് അമിതവേഗതയില്‍ പോകുകയായിരുന്ന അലക്‌സിന്റെ കാറിന് ഗാര്‍ഡ കൈകാണിച്ചത്. എന്നാല്‍ ഇയാള്‍ നിര്‍ത്താതെ പോയതോടെ ഗാര്‍ഡ വാഹനം പിന്തുടര്‍ന്നു. ഇതോടെ വേഗത കൂട്ടിയ അലക്‌സ്, അപകടകരമായ രീതിയില്‍ പല വാഹനങ്ങളെയും ഓവര്‍ടേക്ക് ചെയ്യുകയും, 190 കി.മീ വരെ വേഗതയിലേയ്ക്ക് കാര്‍ എത്തിക്കുകയും ചെയ്തു. ശേഷം ഗാര്‍ഡയെ വെട്ടിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയ്ക്ക് കടന്നു. എന്നാല്‍ നേരത്തെ ഗാര്‍ഡ വിവരം നല്‍കിയതനുസരിച്ച് ഇയാളെ റോഡില്‍ കൂര്‍ത്ത മുള്ളുകള്‍ വിരിച്ച ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
വിചാരണയില്‍ അപകടരമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുക, ലൈസന്‍സ് ഇല്ലാതിരിക്കുക എന്നിവയെല്ലാം ചേര്‍ത്താണ് ജഡ്ജ് 1,050 യൂറോ പിഴയിട്ടത്. ജയിലില്‍ പോകാവുന്ന കേസാണ് ഇതെന്ന് മുന്നറിയിപ്പ് നല്‍കിയ ജഡ്ജ്, അലക്‌സിനെ രണ്ട് വര്‍ഷത്തേയ്ക്ക് വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments