അയർലണ്ടിൽ ഇന്ന് മുതൽ ഉഷ്‌ണതരംഗം; 29 ഡിഗ്രി വരെ ചൂടുയരും

By Rose Malayalam Desk

അയര്‍ലണ്ടില്‍ ഇന്നുമുതല്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്തയാഴ്ച വരെ ഉയര്‍ന്ന ചൂട് തുടരുമെന്നും ഇത് ഉറങ്ങാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും, വളര്‍ത്തുമൃഗങ്ങള്‍ക്ക് ദോഷകരമായേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിര്‍ജ്ജലീകരണം, പ്രായമായവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ചൂട് കാരണമാകാമെന്നതിനാല്‍ ജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്.

ചൂട് വര്‍ദ്ധിക്കുന്നത് രാജ്യമെമ്പാടും കാട്ടുതീയ്ക്ക് കാരണമാകാമെന്നും, വരള്‍ച്ച അനുഭവപ്പെടാമെന്നും മുന്നറിയിപ്പില്‍ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഗതാഗതക്കുരുക്ക്, പൊതുഗതാഗതസംവിധാനം താറുമാറാകല്‍ എന്നിവയും ഉണ്ടായേക്കാം.

ഇന്ന് (ബുധന്‍) പകല്‍ സമയത്തെ താപനില 23 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളില്‍ ഇത് 18 മുതല്‍ 22 ഡിഗ്രി വരെയായിരിക്കും.

നാളെ ആകാശം മേഘാവൃതമാകുകയും, ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുകയും ചെയ്യും. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ട്. താപനില 23 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. എന്നാല്‍ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളില്‍ 18 മുതല്‍ 22 സഡിഗ്രി വരെയാകും ഉയര്‍ന്ന താപനില.

വെള്ളിയാഴ്ച Connacht, west Ulster പ്രദേശങ്ങളില്‍ മേഘം മൂടുകയും, രാവിലെ നല്ല മഴ പെയ്യുകയും ചെയ്‌തേക്കും. മറ്റിടങ്ങളില്‍ നല്ല വെയിലും ലഭിക്കും. വടക്കന്‍ പ്രദേശങ്ങളില്‍ 21 ഡിഗ്രിയും, തെക്കന്‍ പ്രദേശങ്ങളില്‍ 28 ഡിഗ്രിയുമാണ് ചൂട് പ്രതീക്ഷിക്കുന്നത്.

ശനിയാഴ്ചയും പൊതുവെ വരണ്ട ദിനമായിരിക്കും. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളില്‍ 21 ഡിഗ്രിയും, തെക്കന്‍ പ്രദേശങ്ങളില്‍ 28-29 ഡിഗ്രി വരെയും ചൂടുയരും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments