ജൂൺ മാസത്തിലെ മികച്ച സൂര്യപ്രകാശം അയർലണ്ടിൽ റെക്കോർഡ് അളവിൽ സൗരോർജ്ജ ഉത്പാദനത്തിന് കാരണമായതായി EirGrid. കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ ആകെ വൈദ്യുതിയുടെ 42 ശതമാനവും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് ലഭിച്ചത്. ജൂൺ മാസത്തിൽ രാജ്യത്തെ ആറ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ തങ്ങളുടെ എക്കാലത്തെയും ഉയർന്ന താപനില റെക്കോർഡുകൾ ഭേദിച്ചതിന് പിന്നാലെയാണ് ഈ നേട്ടം.
ഇതുവഴി അയർലണ്ടിന്റെ മൊത്തം ഇന്ധന ശേഖരത്തിയേക്ക് 8.2 ശതമാനം സംഭാവന നൽകാനും ജൂൺ മാസത്തിൽ സോളാർ എനർജിക്ക് സാധിച്ചു. മെയ് മാസത്തിൽ ഇത് 7.8 ശതമാനവും, 2025 ജൂണിൽ 5.3 ശതമാനവും ആയിരുന്നു.
ഈ മാസത്തെ പുനരുപയോഗ ഊർജ്ജത്തിൽ 30.7 ശതമാനവുമായി കാറ്റിൽ നിന്നുള്ള ഊർജ്ജവും ഗണ്യമായ പങ്ക് വഹിച്ചു. ആകെ വിൻഡ് എനർജി ഉത്പാദനം 821 ജിഗാവാട്ട് അവേഴ്സ് ആയിരുന്നു.
ജൂണിൽ മറ്റ് സ്രോതസ്സുകൾ പരിശോധിച്ചാൽ, ഉപയോഗിച്ച ആകെ വൈദ്യുതിയുടെ 40 ശതമാനം ഗ്യാസ് ഉത്പാദനത്തിൽ നിന്നായിരുന്നു, കൂടാതെ 17 ശതമാനം ഇന്റർകണക്ഷൻ വഴി ഇറക്കുമതി ചെയ്തതുമാണ്.
മൊത്തത്തിലുള്ള വൈദ്യുതി ആവശ്യം മേയിലെ 2,794 ജിഗാവാട്ട് അവേഴ്സുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ 2,676 ജിഗാവാട്ട് അവേഴ്സ് ആയിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2030-ഓടെ ഏത് സമയത്തും ഇലക്ട്രിസിറ്റി സംവിധാനം 95 ശതമാനം വരെ പുനരുപയോഗ സ്രോതസ്സുകൾ ഉപയോഗിച്ചും, 2035-ഓടെ ഇത് 100 ശതമാനം ആക്കാനും ലക്ഷ്യമിടുന്നതായി EirGrid വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്ത്, ഏത് സമയത്തും 75 ശതമാനം വരെ വൈദ്യുതി പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ ആണുള്ളത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments