അയർലണ്ട് വീണ്ടും പ്രതിസന്ധിയിലേക്കോ?മെയ് 2 മുതൽ വീണ്ടും ഇന്ധനവില പ്രതിഷേധമെന്ന് മുന്നറിയിപ്പ്

By Rose Malayalam Desk

രാജ്യത്ത് അടുത്ത മാസം വീണ്ടും ഇന്ധനവില പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പുമായി People of Ireland Against Fuel Prices Protest. ഈയിടെ രാജ്യവ്യാപകമായി നടന്ന വമ്പന്‍ പ്രതിഷേധങ്ങള്‍ക്ക് ആദ്യം ആഹ്വാനം കൊടുത്തത് ഡ്രൈവര്‍മാര്‍, കര്‍ഷകര്‍ മുതലായവരെം പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഈ സംഘമാണ്. പിന്നാലെ സംഘടിതരും, അസംഘിടതരുമായ നിരവധി സംഘങ്ങള്‍ പ്രതിഷേധം ഏറ്റെടുത്തതോടെ രാജ്യം നിശ്ചലമാകുന്ന അവസ്ഥയിലേയ്ക്ക് വരെ കാര്യങ്ങളെത്തിയിരുന്നു.

ഇന്ധനവില വര്‍ദ്ധനയുമായി ബന്ധപ്പെട്ട അടുത്ത നീക്കങ്ങള്‍ എന്തെല്ലാമാണെന്ന് സംഘം വിലയിരുത്തുന്നതായും, അടുത്ത പ്രതിഷേധത്തില്‍ ബസ് ഓപ്പറേറ്റര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, വ്യവസായശാല നടത്തിപ്പുകാര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിലും കൂടുതല്‍ ടാക്‌സ് നല്‍കാന്‍ സാധിക്കില്ലെന്ന ശക്തമായ സന്ദേശം തങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് People of Ireland Against Fuel Prices Protest ഓണ്‍ലൈനില്‍ പങ്കുവച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അടുത്ത രണ്ടാഴ്ച ചര്‍ച്ച നടത്തുകയും, സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്ത ശേഷം, പുരോഗതിയൊന്നുമുണ്ടായില്ലെങ്കില്‍ വീണ്ടും രാജ്യമൊട്ടാകെ കാല്‍നടയായുള്ള സമാധാനപരമായ പ്രതിഷേധത്തിലേയ്ക്ക് കടക്കുമെന്നും പ്രസാതവന വ്യക്തമാക്കുന്നു. മെയ് 2-ന് പ്രതിഷേധമാരംഭിക്കാനാണ് തീരുമാനം.

നിരവധി പേര്‍ ഇന്ധനവിലവര്‍ദ്ധന കാരണം കഷ്ടപ്പെടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം സര്‍ക്കാരിന് മനസിലാക്കിക്കൊടുക്കാനാണ് ഈ പ്രതിഷേധം. ഹോം ഹീറ്റിങ് ഓയില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ മുതലായവ ആഡംബര വസ്തുക്കളല്ല, ജീവിക്കാന്‍ അനിവാര്യമായവയാണ്. ഇവയുടെ ക്രമാതീതമായ വിലവര്‍ദ്ധന ജനങ്ങള്‍ക്ക് അപ്രാപ്യമാണ്- People of Ireland Against Fuel Prices Protest പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിഷേധം അനന്തമായി നീളുമെന്ന് തോന്നിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ 505 മില്യന്റെ ഇന്ധന സഹായ പാക്കേജ് പ്രഖ്യാപിച്ചതോടെയാണ് ഇതിന് അവസാനമായത്. എന്നാല്‍ ഈ പാക്കേജ് അപര്യാപ്തമാണെന്ന് പ്രതികരിച്ച ചില പ്രതിഷേധക്കാര്‍, വീണ്ടും പ്രതിഷേധങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്ത് പലയിടത്തും നിലവില്‍ ചെറിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ People of Ireland Against Fuel Prices Protest വീണ്ടുമൊരു പ്രതിഷേധാഹ്വാനം നടത്തുകയാണെങ്കില്‍ ഈ മാസമാദ്യം ഉണ്ടായത് പോലെ വമ്പന്‍ ഗതാഗതക്കുരുക്ക്, പമ്പുകളില്‍ ഇന്ധനം തീരുക എന്നിവയടക്കം ജനജീവിതത്തെ സാരമായി ബാധിക്കുന്ന അവസ്ഥ ഇനിയും ഉണ്ടായേക്കാമെന്നാണ് ആശങ്ക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments