13,411 രൂപയിൽ നിന്ന് 48,717 രൂപയിലേക്ക്; പ്രവാസി ഇൻഷുറൻസിൽ അയർലൻഡിലെ മലയാളികൾക്കും ഇരുട്ടടി

By Rose Malayalam Desk

മാതാപിതാക്കളുടെ ചികിത്സയ്ക്കായി അയർലണ്ടിലെ മലയാളികൾ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്ന നോർക്കയുടെ പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിൽ വൻവർദ്ധന.പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസിനാണ് വി ഡി സതീശൻ സർക്കാർ വൻതോതിൽ പ്രീമിയം വർധിപ്പിച്ചത്.കുടുംബത്തിനും നാട്ടിലെ മാതാപിതാക്കൾക്കും ലഭിച്ചിരുന്ന പരിരക്ഷ ഇനി അയർലൻഡിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയാകുന്നു

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നാലംഗ കുടുംബത്തിന് 13,411 രൂപ വാർഷിക പ്രീമിയത്തിൽ ലഭ്യമായിരുന്ന അഞ്ച് ലക്ഷം രൂപയുടെ ഫാമിലി ഫ്ലോട്ടർ ഇൻഷുറൻസിന് പുതിയ പരിഷ്കാരത്തോടെ ചില പ്രായവിഭാഗങ്ങളിൽ 77,773 രൂപ വരെ നൽകേണ്ട സാഹചര്യമാണുള്ളത്. ചില കുടുംബങ്ങൾക്ക് ലഭിച്ച പുതുക്കൽ ക്വട്ടേഷനുകളിൽ 48,717 രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുൾപ്പെടെ എല്ലാ തരത്തിലുമുള്ള ഇൻഷുറൻസ് പരീക്ഷയ്ക്കും പ്രീമിയം വർദ്ധിച്ചിട്ടുണ്ട്.

2025-ൽ പിണറായി വിജയൻ സർക്കാരാണ് നോർക്ക റൂട്ട്സ് മുഖേന നോർക്ക കെയർ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സാ പരിരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസും ഉൾപ്പെടുന്ന പരിരക്ഷയാണ് 13,411 രൂപ വാർഷിക പ്രീമിയത്തിൽ ലഭ്യമാക്കിയിരുന്നത്.

നിലവിലുള്ള രോഗങ്ങൾക്കും ആദ്യ ദിവസം മുതൽ പരിരക്ഷ ലഭിക്കുമെന്നതും മെഡിക്കൽ പരിശോധനയില്ലാതെ പദ്ധതിയിൽ ചേരാമെന്നതും ഇതിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. ഇന്ത്യയിലെ നെറ്റ്‌വർക്ക് ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യവും ലഭ്യമായിരുന്നു. നാട്ടിലുള്ള മാതാപിതാക്കളെയും പദ്ധതിയുടെ ഭാഗമാക്കാൻ കഴിയുമായിരുന്നു. പല ഐറിഷ് മലയാളികളും നോർക്കയുടെ ഈ പദ്ധതി ഉപയോഗിച്ച് മാതാപിതാക്കളുടെ ചികിത്സ കുറഞ്ഞ ചെലവിൽ ഉറപ്പാക്കിയിരുന്നു.

2026-27 വർഷത്തേക്കുള്ള പുതുക്കൽ നടപടികളിലാണ് പ്രായപരിധി അടിസ്ഥാനമാക്കിയുള്ള പുതിയ പ്രീമിയം ഘടന കൊണ്ടുവന്നത്. ഇതോടെ ഒരേ നിരക്കിൽ ഇൻഷുറൻസ് ലഭിച്ചിരുന്ന പഴയ സംവിധാനം മാറി. നോർക്ക കെയർ പ്ലസ് പദ്ധതിയിൽ പത്ത് ലക്ഷം രൂപയോ അതിലധികമോ ഇൻഷുറൻസ് കവറേജ് തിരഞ്ഞെടുക്കുന്നവർക്ക് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സ്വന്തം മാതാപിതാക്കളെയോ പങ്കാളിയുടെ മാതാപിതാക്കളെയോ കൂടി ഉൾപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. 80 വയസ്സുവരെയുള്ള മാതാപിതാക്കളെ ഉൾപ്പെടുത്താൻ വ്യവസ്ഥയുണ്ട്.ഇതോടെ വിദേശത്ത് ജോലി ചെയ്യുന്ന മക്കൾക്ക് നാട്ടിലുള്ള പ്രായമായ മാതാപിതാക്കളുടെ ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുന്ന സംവിധാനമായി പദ്ധതി മാറിയിരുന്നു.

എന്നാൽ ഉയർന്ന പ്രീമിയം ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതും സാധാരണ പ്രവാസി കുടുംബങ്ങൾക്ക് കൂടുതൽ ചെലവേറിയതാക്കുകയാണ്.അയർലൻഡിൽ താമസിക്കുന്ന നിരവധി മലയാളി കുടുംബങ്ങളും നോർക്ക കെയർ പദ്ധതിയിൽ അംഗങ്ങളായിരുന്നു. കേരളത്തിലേക്ക് അവധിക്കാലത്ത് എത്തുമ്പോഴോ നാട്ടിലുള്ള മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്കോ ഈ ഇൻഷുറൻസ് പരിരക്ഷ പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പലരും പദ്ധതിയിൽ ചേർന്നത്.

പ്രത്യേകിച്ച് സ്വകാര്യ ആരോഗ്യ ഇൻഷുറൻസിന് വലിയ തുക ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കുറഞ്ഞ പ്രീമിയത്തിൽ ലഭിച്ചിരുന്ന ഈ പദ്ധതി പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ പുതിയ നിരക്കുകൾ വന്നതോടെ അയർലൻഡിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും ഗൾഫിലെയും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് പോളിസി പുതുക്കണമോ എന്ന കാര്യത്തിൽ ആശങ്ക ഉയരുകയാണ്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments