ഡബ്ലിൻ സെൻട്രൽ, ഗോൾവേ വെസ്റ്റ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം ബിസിനസ്സ് പോസ്റ്റ്/റെഡ് സി നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവായി സോഷ്യൽ ഡെമോക്രാറ്റ്സിന്റെ ഹോളി കെയ്‌ൻസ്. ഡബ്ലിൻ സെൻട്രൽ ഉപതെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റ്സ് സ്ഥാനാർത്ഥി ഡാനിയൽ എന്നിസ് വിജയിച്ചിരുന്നു.
ഓരോ നേതാവിനോടും അനുകൂല നിലപാട് കണ്ടെത്തുന്നതിനായി, നേതാക്കൾക്ക് 0 മുതൽ 100 വരെയുള്ള അളവുകോലിൽ മാർക്ക് നൽകാൻ പ്രതികരിച്ചവരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ സോഷ്യൽ ഡെമോക്രാറ്റ്സ് പാർട്ടിയുടെ കോർക്ക് സൗത്ത്-വെസ്റ്റ് ടിഡി കൂടി ആയ ഹോളി കെയ്ൻസിന് 100-ൽ 47 പോയിന്റ് ആണ് ലഭിച്ചത്. ഒപ്പം സോഷ്യൽ ഡെമോക്രാറ്റ്സ് പാർട്ടിയുടെ പിന്തുണ രണ്ട് പോയിന്റ് വർദ്ധിച്ച് 10 ശതമാനത്തിൽ എത്തുകയും ചെയ്തു.
ഷിൻ ഫെയ്ൻ പ്രസിഡന്റ് മേരി ലൂ മക്ഡൊണാൾഡ് 46 പോയിന്റോടെ രണ്ടാമത്തെ ജനപ്രിയ നേതാവാണ്, എന്നാൽ അവരുടെ പാർട്ടിയുടെ പിന്തുണ നാല് പോയിന്റ് ഇടിഞ്ഞ് 21 ശതമാനമായി കുറഞ്ഞു.
അതേസമയം ഇൻഡിപെൻഡന്റ് അയർലണ്ട് അംഗവും കോർക്ക് സൗത്ത്-വെസ്റ്റ് ടിഡിയുമായ മൈക്കൽ കോളിൻസ് ആണ് രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള മൂന്നാമത്തെ രാഷ്ട്രീയ നേതാവ്.
45 പോയിന്റ് ആണ് അദ്ദേഹത്തിനുള്ളത്.
പ്രധാനമന്ത്രി മീഹോൾ മാർട്ടിനും അദ്ദേഹത്തിന്റെ സഖ്യകക്ഷി നേതാവും ഉപപ്രധാനമന്ത്രിയുമായ സൈമൺ ഹാരിസിനും ഒരേ ജനപ്രീതിയാണുള്ളത്; ഇരുവർക്കും 36 പോയിന്റ് വീതം ലഭിച്ചു.
Aontú നേതാവ് Peadar Tóibín 41 പോയിന്റ്, ലേബർ നേതാവ് ഇവാന ബാസിക്ക് 38 പോയിന്റ് , ഗ്രീൻ പാർട്ടി നേതാവ് റോഡറിക് ഒ’ഗോർമാൻ 31 പോയിന്റ് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.
പാർട്ടികളിൽ പ്രധാന ഭരണകക്ഷികളിലൊന്നായ ഫിന ഗേൽ ഒരു പോയിന്റ് വർദ്ധിപ്പിച്ച് 17 ശതമാനം പിന്തുണയിലെത്തിയപ്പോൾ, ഫിയന്ന ഫാൾ പിന്തുണ ഒരു പോയിന്റ് ഇടിഞ്ഞ് 15 ശതമാനമായി കുറഞ്ഞു.
മറ്റ് പാർട്ടികളിൽ, ഇൻഡിപെൻഡന്റ് അയർലണ്ടും Aontu-വും 7% വീതം ജനപിന്തുണ നേടിയപ്പോൾ ലേബറും പീപ്പിൾ ബിഫോർ പ്രോഫിറ്റ്/സോളിഡാരിറ്റിയും 4 ശതമാനം പിന്തുണയോടെ നിൽക്കുന്നു. ഗ്രീൻ പാർട്ടി 3 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments