ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രാജിവച്ചു; ആൻഡി ബേൺഹാം പിൻഗാമിയാകുമോ?

By Rose Malayalam Desk

യുകെയുടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും, ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും രാജിവച്ച് കിയര്‍ സ്റ്റാര്‍മര്‍. ഏതാനും നാളുകളായി സ്റ്റാര്‍മറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ രൂപപ്പെട്ടുവരികയായിരുന്നു. സ്റ്റാര്‍മറിന്റെ പല നയങ്ങള്‍ക്കുമതിരെ സര്‍ക്കാരില്‍ നിന്നും എതിര്‍പ്പുകളുയര്‍ന്നിരുന്നു. സ്റ്റാര്‍മറിന്റെ പിന്‍ഗാമിയെന്ന് കരുതപ്പെടുന്ന ആന്‍ഡ് ബേണ്‍ഹാം മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞയാഴ്ച വന്‍ വിജയം നേടുക കൂടി ചെയ്തതോടെ ഈ സമ്മര്‍ദ്ദം ശക്തമാകുകയും, അദ്ദേഹം രാജിയിലേയ്ക്ക് നീങ്ങുകയുമായിരുന്നു.

പ്രധാനമന്ത്രിയായി താന്‍ തന്നെ തുടരുമെന്ന് സ്റ്റാര്‍മര്‍ മുമ്പ് പലവട്ടം പറഞ്ഞിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ സാധിക്കാതെ വന്നതായാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയാകാന്‍ സാധിച്ചു എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ കാര്യമായിരുന്നുവെന്ന് ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വികാരഭരതനായി പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കും നന്ദി പറഞ്ഞ സ്റ്റാര്‍മര്‍, ഇനി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍മറുടെ രാജി പ്രഖ്യാപനം വന്നതോടെ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കുമെന്ന് ആന്‍ഡ് ബേണ്‍ഹാം പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാര്‍മറുടെ മന്ത്രിസഭയില്‍ നിന്നും കഴിഞ്ഞ മാസം രാജിവച്ച മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്, താന്‍ മത്സര രംഗത്തുണ്ടാവില്ലെന്നും, ബേണ്‍ഹാമിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയതോടെ പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് മറ്റു വെല്ലുവിളികള്‍ ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments