യുകെയിൽ 18-കാരനായ വിദ്യാർത്ഥിയെ സിഖുകാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം; ഇന്ത്യക്കാർ ആശങ്കയിൽ

By Rose Malayalam Desk

യുകെയിലെ സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്ന 18-കാരൻ ഹെൻറി നൊവാക് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ഇന്ത്യക്കാർ ആശങ്കയിൽ. സിഖ് മതത്തിൽ പെട്ട വിക്രം ഡിഗ്‌വ ആണ് കഴിഞ്ഞ ഡിസംബർ 3-ന് ഹെൻറിയെ തന്റെ കൃപാണം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്.
ശേഷം വിവരം പോലീസിനെ വിളിച്ചറിയിച്ച വിക്രം ഡിഗ്‌വ, തന്നെ ഹെൻറി നൊവാക് വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞത്. പോലീസ് ഇതു വിശ്വസിച്ച് കുത്തേറ്റു കിടക്കുകയായിരുന്ന നൊവാക്കിനെ  അറസ്റ്റ് ചെയ്യുകയും, നോവാക് പിന്നീട് മരിക്കുകയും ചെയ്തു. കേസിൽ പ്രതിയായ വിക്രം ഡിഗ്വയ്ക്ക് കോടതി 21 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. നൊവാക്കുമായുള്ള വ്യക്തിവൈരാഗ്യത്തിൽ വിദ്യാർത്ഥിയായ വിക്രം ഡിഗ്‌വ നൊവാക്കിനെ കുത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം നൊവാക്കിന്റെ മരണ സമയത്തെ വീഡിയോ പുറത്തുവന്നതാണ് നിലവിൽ യുകെയിലെങ്ങും വെളുത്ത വർഗ്ഗക്കാർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കും സംഘർഷത്തിനും കാരണമായിരിക്കുന്നത്. നൊവാക്കിനെ അറസ്റ്റ് ചെയ്‌ത പോലീസുകാരിൽ ഒരാളുടെ ബോഡിക്യാമിൽ  നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

വീഡിയോയിൽ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരോട് ഹെൻറി നൊവാക്, വിക്രം ഡിഗ്‌വ തന്നെ കുത്തിയതായി പലതവണ പറഞ്ഞെങ്കിലും പോലീസുകാർ അത് ഗൗനിക്കാതെ നൊവാക്കിനെ കൈവിലങ്ങ് വയ്ക്കുന്നത് കാണാം. തനിക്ക് ശ്വാസം മുട്ടുകയാണെന്നും നൊവാക്ക് പറയുന്നതും വീഡിയോയിലുണ്ട്.

നിലവിൽ തീവ്രവലതുപക്ഷവാദികൾ നടത്തി വരുന്ന പ്രതിഷേധം പലതും പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിക്കുന്നത്. റിഫോം യുകെ പോലുള്ള പാർട്ടികളും പ്രശ്‌നം ഏറ്റെടുത്തുകഴിഞ്ഞു. പ്രതിഷേധം ഇന്ത്യക്കാർക്ക് നേരെയുള്ള അക്രമത്തിനു വഴിമാറുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്. അതേസമയം കൊലയാളിയെ എതിർത്ത് സിഖ് സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഈ സംഭവത്തിന് ശേഷം സിഖുകാർ അടക്കമുള്ളവർ മതപരമായ കാര്യങ്ങൾക്കായി കത്തി പോലുള്ളവ കൊണ്ടുപോകുന്നതിനുള്ള ഇളവുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments