ചൂട് വര്‍ദ്ധിച്ചതോടെ അയര്‍ലണ്ടിലെ പലയിടങ്ങളിലും ‘ഹോസ് പൈപ്പ് ബാന്‍’ ഏര്‍പ്പെടുത്തി ജലവിതരണ വകുപ്പ്. വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 26 വരെ Dublin, south Tipperary എന്നിവിടങ്ങളിലും Kildare, Meath, Wexford, Wicklow എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും വിലക്ക് നിലവില്‍ വരുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്.
ചൂട് കാരണം ജലദൗര്‍ലഭ്യത അനുഭവപ്പെടുന്നതാണ് ഹോസ് പൈപ്പ് വിലക്കിലേയ്ക്ക് നയിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചൂട് വര്‍ദ്ധിച്ചതോടെ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ വെള്ളത്തിന്റെ ഉപയോഗം കാര്യമായി വര്‍ദ്ധിച്ചതായും, ഇത് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളെയും, റിസര്‍വോയറുകളെയും മറ്റും സമ്മര്‍ദ്ദത്തിലാക്കുന്നതായും ജലവകുപ്പ് പറഞ്ഞു. പുറം സ്ഥലങ്ങളില്‍ വെള്ളത്തിന്റെ അത്യാവശ്യമല്ലാത്ത ഉപയോഗം കാരണം ഗാര്‍ഹിക ജലോപയോഗം പതിവ് നിരക്കിനെ അപേക്ഷിച്ച് 20% വര്‍ദ്ധിച്ചതായും അധികൃതര്‍ പറയുന്നു.
എന്താണ് ഹോസ് പൈപ്പ് വിലക്ക്?
ഹോസ് പൈപ്പുകളുപയോഗിച്ച് പൂന്തോട്ടങ്ങള്‍ നനയ്ക്കുക, കാറുകള്‍ കഴുകുക, സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള കുളങ്ങളിലും, ഫൗണ്ടനുകളിലും വെള്ളം നിറയ്ക്കുക, പേഴ്‌സണല്‍ സ്വിമ്മിങ് പൂളുകളില്‍ വെള്ളം നിറയ്ക്കുക മുതലായവ നിരോധിക്കുന്നതിനെയാണ് ഹോസ് പൈപ്പ് ബാന്‍ എന്ന് പറയുന്നത്. വിലക്ക് ലംഘിച്ചാല്‍ 5,000 യൂറോ വരെ പിഴ ലഭിച്ചേക്കാം.
വിലക്ക് പുറപ്പെടുവിച്ചിട്ടുള്ള പ്രദേശങ്ങള്‍ക്ക് പുറത്തുള്ളവരും അനാവശ്യമായി വെള്ളം കളയരുതെന്നും, സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments