ആണവോര്‍ജ്ജം ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് അയര്‍ലണ്ട് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. അര്‍മീനിയയിലെ യെരവാനില്‍ യൂറോപ്യന്‍ രാഷ്ട്രീയ ഉച്ചകോടിക്ക് എത്തിയ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഊര്‍ജ്ജ സുരക്ഷ, സാമ്പത്തിക സ്ഥിരത, ആഗോള രാഷ്ട്രീയം എന്നിവയെ പറ്റിയുള്ള ചര്‍ച്ചകളാണ് 50-ഓളം യൂറോപ്യന്‍ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ നടക്കുന്നത്.
കാലങ്ങളായി ഫോസില്‍ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്തുകൊണ്ടുള്ള ഊര്‍ജ്ജനിര്‍മ്മാണം അസ്ഥിരതയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രധാനമന്ത്രി മാര്‍ട്ടിന്‍, ആണവോര്‍ജ്ജത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. കരയില്‍ വീശുന്ന കാറ്റ്, സൗരോര്‍ജ്ജം മുതലായവയില്‍ നിന്നുള്ള പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജമുല്‍പ്പാദിക്കുന്ന കാര്യത്തില്‍ രാജ്യം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, പുതിയ സാങ്കേതികവിദ്യകള്‍ ലഭ്യമായ സാഹചര്യത്തില്‍ ആണവോര്‍ജ്ജം പോലുള്ള മറ്റ് വഴികളെ പറ്റിയും ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അയര്‍ലണ്ടിലെ ഭാവിയിലെ ഊര്‍ജ്ജമേഖല പുനരുപയോഗ സാധ്യമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാകും എന്നു പറഞ്ഞ മാര്‍ട്ടിന്‍, കടലില്‍ നിന്നുള്ള കാറ്റ് (offshore wind) 2030-ഓടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കാലാവസ്ഥാ മാറ്റങ്ങളടക്കം ഫോസില്‍ ഇന്ധനങ്ങള്‍ ഭൂമിക്ക് കാര്യമായ നാശം സൃഷ്ടിച്ചിട്ടുണ്ടെന്ന് നമുക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയര്‍ലണ്ടില്‍ നിലനില്‍ക്കുന്ന ആണവോര്‍ജ്ജോപയോഗ വിലക്ക് പുനഃപരിശോധിക്കണമെന്ന തരത്തില്‍ സര്‍ക്കാരില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മാര്‍ട്ടിന്റെ അഭിപ്രായപ്രകടനം. പൊതുധനവിനിയോഗ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സും, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കൊണ്ടുവന്ന the Electricity Regulation (Removal of Nuclear Fission Prohibitions) Bill 2026 പാര്‍ലമെന്റില്‍ ടിഡിമാര്‍ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments