കൗണ്ടി ടിപ്പററിയിലെ Slievenamon-ല്‍ ഉണ്ടായ കാട്ടുതീ കെടുത്താന്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കുമെന്ന് അധികൃതര്‍. കൗണ്ടിയുടെ തെക്കന്‍ പ്രദേശത്തെ മലനിരകളിലുണ്ടായ തീ കെടുത്താനായി കഴിഞ്ഞ നാല് ദിവസങ്ങളായി അഗ്നിരക്ഷാസേന ശ്രമം തുടരുകയാണ്. തീ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് പടരുന്നത് തടയാനായി ഹെലികോപ്റ്ററുകളില്‍ നിന്നും വെള്ളം ചീറ്റിയും ശ്രമം നടത്തിവരികയാണ്.
അതേസമയം ഭൂപ്രദേശത്തിന്റെ പ്രത്യേകത കാരണം തീ കെടുത്തുക ദുഷ്‌കരമാണെന്ന് കൗണ്ടി ചീഫ് ഫയര്‍ ഓഫീസറായ ജോണ്‍ ഷിന്നേഴ്‌സ് പറഞ്ഞു. വരുംദിവസങ്ങളിലെ കാലാവസ്ഥയും തീ പടരാന്‍ സാഹചര്യമൊരുക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തീ കെടുത്താന്‍ ഏതാനും ദിവസങ്ങള്‍ തന്നെ വേണ്ടിവന്നേക്കും.
എല്ലായ്‌പോഴും കുറഞ്ഞത് 16 അഗ്നിരക്ഷാ സേനാംഗങ്ങള്‍ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകള്‍, കെട്ടിടങ്ങള്‍, കന്നുകാലികള്‍ മുതലായവയുടെ സുരക്ഷയും സേന ഉറപ്പാക്കുന്നുണ്ടെന്ന് ഷിന്നേഴ്‌സ് വ്യക്തമാക്കി. നിലവില്‍ കെട്ടിടങ്ങള്‍ക്കൊന്നും തന്നെ ഭീഷണിയില്ലെന്നും എങ്കിലും കെട്ടിടങ്ങളുടെ ജനലുകളും, വാതിലുകളും അടച്ചിടുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുക ബാധിക്കുന്ന പ്രദേശങ്ങളില്‍ നിന്നും മൃഗങ്ങളെയും മാറ്റണം.
രോഗബാധിതര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ശ്വാസകോശ, ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments