Sunday, February 23, 2020

സമാധാനത്തിനുള്ള നോബല്‍ സമ്മാനം പതിനാറുകാരിയായ ഗ്രേറ്റ തന്‍ബെര്‍ഗിനോ?

Updated on 09-10-2019 at 11:20 am

Share this news

അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ചരിത്രം ആവര്‍ത്തിക്കുമോ? നോബെല്‍ സമാധാന സമ്മാന പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അഭ്യൂഹങ്ങള്‍ പടരുകയാണ്. കാലാവസ്ഥ വ്യതിയാനം തടയുന്നതിനായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലൂടെ ലോകത്തെ ശ്രദ്ധാകേന്ദ്രമായ ഗ്രേറ്റ തന്‍ബെര്‍ഗിന് സമ്മാനം കിട്ടുമോ എന്ന ചര്‍ച്ചയാണ് വ്യാപകമായിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിലൂടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ തന്‍ബര്‍ഗിനാവണം സമ്മാനം എന്ന് ഒരു വിഭാഗം പറയുമ്പോള്‍ അത് ശരിയായ രീതിയാവില്ലെന്നതാണ് മറ്റൊരു വിഭാഗം പറയുന്നത്.

പതിനാറ്കാരിയായ ഗ്രേറ്റ തന്‍ബെര്‍ഗിന് ഇതിനോടകം ആംനസ്റ്റി രാജ്യാന്തര ബഹുമതിയും, റൈറ്റ് ലീവ്ലി ഹുഡ് അവാര്‍ഡും ഇതിനോടകം ലഭിച്ചിട്ടുണ്ട്. വാതുവെയ്പ്പുകാരില്‍ ചിലര്‍ സമാന്തര നൊബേല്‍ ആവും ഗ്രേറ്റ തന്‍ബെര്‍ഗിന് ലഭിക്കാന്‍ സാധ്യതയെന്ന് പറയുമ്പോഴും ലാന്‍ഡ് ബ്രോക്സ് പോലുള്ള വാതുവെയ്പ്പ് സൈറ്റുകളില്‍ ആളുകള്‍ കൂടുതലും വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് തന്‍ബെര്‍ഗില്‍ തന്നെയാണ്. സ്വിറ്റ്സര്‍ലന്‍ഡ് മാധ്യമത്തിന് ഓഗസ്റ്റില്‍ തന്‍ബെര്‍ഗ് നടത്തിയ ഒരു ഇന്റര്‍വ്യൂവില്‍ അംഗീകാരം പ്രസ്ഥാനത്തിന് ഊര്‍ജ്ജം നല്‍കുമെന്നും എന്നാല്‍ അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായിരുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസം മുതലാണ് ഗ്രേറ്റ തന്‍ബെര്‍ഗ് സ്വീഡിഷ് പാര്‍ലമെന്റിന് മുന്‍പില്‍ എല്ലാ വെള്ളിയാഴിച്ചകളിലും ‘ സ്‌കൂള്‍ സ്ട്രക്ക് ഫോര്‍ ദി ക്ലൈമറ്റ്’ എന്ന പ്ലക്കാര്‍ഡുമായി ഒറ്റയ്ക്ക് സമരം തുടങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ കലാവസ്ഥയ്ക്കുവേണ്ടിയുള്ള സമരത്തില്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഗ്രേറ്റ തുംബര്‍ഗിനൊപ്പം കൂടിയത്. സെപ്തംബര്‍ അവസാനം യുഎന്‍ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്ക് മുന്‍പില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കിയ ഗ്രേറ്റ തന്‍ബെര്‍ഗ് ലോകശ്രദ്ധ നേടിയിരുന്നു.

പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഹെന്റിക് ഉര്‍ദാല്‍ ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പ്രചോദനപരമായ വാക്കുകള്‍കൊണ്ടുമാത്രം സമാധാനത്തിനുള്ള നൊബേല്‍ തുംബര്‍ഗിന് നല്‍കണമോയെന്ന സംശയം പ്രകടിപ്പിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പ്രായത്തില്‍ ഈ അംഗീകാരം ഭാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. തെന്‍ബര്‍ഗിനെ മുഖ്യധാരയില്‍ പ്രാമുഖ്യത്തോടെ എത്തിക്കുന്നതിന് പിന്നില്‍ ചില എന്‍ജിഒകളുണ്ടെന്ന ആരോപണവും ഇതിനെതിരെ ഉയര്‍ന്നിരുന്നു.

2014 ലാണ് പാകിസ്താന്‍ വംശജയായ മലാല യൂസഫ് സായിക്ക് നോബെല്‍ പുരസ്‌ക്കാരം ലഭിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാമുഖ്യം ഉയര്‍ത്തിപിടിച്ചതിനായിരുന്നു അംഗീകാരം. താലിബാന്റെ എതിര്‍പ്പ് മറികടന്ന് വിദ്യാഭ്യാസ നേടിയതിന് ഇവര്‍ ഗുരുതരമായി ആക്രമിക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ 11നാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുക.

comments


 

Other news in this section