Monday, April 6, 2020

കൊറോണ വൈറസ്: ഇറ്റലിയിലെ  വൈറസ്‌ ബാധിത പ്രദേശങ്ങളിലേക്ക് അയർലണ്ടിൽ നിന്നും യാത്രാ  വിലക്ക്

Updated on 24-02-2020 at 7:05 pm

Share this news

കൊറോണ വൈറസ് ബാധിച്ച് ആറു പേർ ഇറ്റലിയിൽ മരണമടഞ്ഞ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഐറിഷ് വിദേശകാര്യ വകുപ്പ് ജനങ്ങളോട് നിർദ്ദേശിച്ചു.

ഇറ്റലിയിൽ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുകയാണെന്നാണ് വിലയിരുത്തൽ. പീഡ്മോണ്ട്, ലോംബാർഡി, വെനെറ്റോ, എമിലിയ റോമാഗ്ന, ലാസിയോ തുടങ്ങിയ പ്രദേശങ്ങളിൽ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ദുരിതബാധിത പ്രദേശങ്ങളിൽ നിന്നും പുറത്തേക്കും പോകുന്നത് നിയന്ത്രിക്കുകയും മ്യൂസിയങ്ങൾ അടച്ചിടുകയും ഉൾപ്പെടെ നിരവധി മുൻകരുതലുകൾ ഇറ്റാലിയൻ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വൈറസ്‌ബാധ സ്ഥിരീകരിച്ചത് ഇറ്റലിയിലാണ്.

വൈറസ്‌ ബാധിച്ചു മരിച്ചവരിൽ ഒരാൾ കാൻസർ രോഗിയാണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അസുഖം ബാധിച്ച് മരിച്ച മറ്റ് അഞ്ച് പേരും പ്രായമായവരാണ്. മൂന്ന് പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെന്ന് റിപ്പോർട്ടുണ്ട്.

രോഗം പടരാതിരിക്കാനായി ലോംബാർഡിയിലെ ഗ്രാമങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും സുരക്ഷാ നടപടികൾ നടപ്പാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

വൈറസ്ബാധ തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾ കുറച്ചുകാലം പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി Giuseppe Conte പറഞ്ഞു.

ഇറ്റലിയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വൈറസ്‌ ബാധയേറ്റത് Lombardy മേഖലയിലാണ്. ഈ മേഖലയിലെ 165 പേർക്കാണ് വൈറസ്‌ ബാധയേറ്റതെന്ന് ലോംബാർഡി മേഖല പ്രസിഡന്റ് അറ്റിലോ ഫോണ്ടാന പറഞ്ഞു.

ഈ സംഖ്യ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് തടയുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫോണ്ടാന പറഞ്ഞു.

പതിനൊന്ന് പട്ടണങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 50,000 ത്തോളം ആളുകളുടെ യാത്രകളും നിരോധിച്ചിരിക്കുകയാണ്.

ബാറുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ അടച്ചിടാനും സർക്കാർ നിർദ്ദേശിച്ചു.
മിലൻ ഫാഷൻ വീക്ക്, വെനീസ് കാർണിവൽ, ഫുട്ബോൾ മത്സരങ്ങൾ തുടങ്ങിയവ വൈറസിന്റെ ദീക്ഷണി മൂലം മാറ്റിവച്ചു. പള്ളികൾ തുറക്കുന്നുണ്ടെങ്കിലും ജനങ്ങളെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കി.

യൂറോപ്യൻ യൂണിയനിലുടനീളം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, യൂറോപ്യൻ യൂണിയൻ ആരോഗ്യ കമ്മീഷണർ സ്റ്റെല്ല കിറിയകിഡെസ് പറഞ്ഞു.

യാത്രകൾക്കും കച്ചവടത്തിനും നിയന്ത്രണം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടന ഇപ്പോൾ നിർദ്ദേശിച്ചിട്ടില്ലെന്നും, സ്ഥിതിഗതികൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടനയുടെ ദൗത്യസംഘം നാളെ ഇറ്റലിയിലേക്ക് പോകുമെന്നും ലോകാരോഗ്യ സംഘടന വക്താവ് Kyriakides പറഞ്ഞു.

ഇറ്റലിയിൽ കൂടുതൽ കേസുകളും ലോംബാർഡിയിലാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. 38 വയസുള്ള ഒരു വ്യക്തിയിലാണ് ആദ്യമായി വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. അയാൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരീക്ഷണത്തിലാണെന്നും അയാളുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എന്നാൽ ഇയാൾ ചൈനയിലേക്ക് പോയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷാങ്ഹായിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വൈറസ് ബാധിതനാണെന്ന് സംശയിച്ചിരുന്നയാളുടെ പരിശോധനഫലം നെഗറ്റീവാ യാത് പ്രതീക്ഷ നൽകുന്നു. കൊറോണ വൈറസ് എങ്ങനെയാണ് കൊഡോഗ്നോയിലേക്ക് കൊണ്ടുവന്നതെന്ന് അറിയാൻ സാധിച്ചിട്ടില്ലെന്നും പകർച്ചവ്യാധി വിദഗ്ധനായ മാസിമോ ഗാലി പറഞ്ഞു.

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ശാന്തത പാലിക്കണമെന്നും ഫോണ്ടാന പറഞ്ഞു. ലോംബാർഡി, വെനെറ്റോ, പീഡ്‌മോണ്ട്, എമിലിയ റോമാഗ്ന, ഫ്രിയൂലി വെനീസിയ ജിയൂലിയ എന്നിവിടങ്ങളിലെ സ്കൂളുകളും അടച്ചിട്ടിണ്ടുണ്ട്.

ഫ്രാൻസുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം നൽകി. ഇറ്റലിയിൽ വൈറസ് പടരുന്ന സാഹചര്യമുണ്ടെങ്കിലും അതിർത്തികൾ അടയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ഫ്രാൻസ് അറിയിച്ചു. എന്നാൽ കൊറോണ വൈറസ് ഭയന്ന് ഇറ്റലിയിൽ നിന്നുള്ള ബസ് യാത്രക്കാരെ ഫ്രാൻസിൽ തടഞ്ഞതായി റിപ്പോർട്ടുണ്ട്.

അയർലണ്ടിലെ വൈറസ്‌ബാധ നിയന്ത്രണ ഘട്ടത്തിലാണെന്നും, എന്നിരുന്നാലും കോറോണയുമായി ബന്ധപ്പെട്ട
കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെന്നും, അവ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജാമാണെന്നും, ഡോ.ഹോളോഹാൻ പറഞ്ഞു. ഇതുവരെ റിപ്പോർട്ട്‌ ചെയ്തവയിൽ 79 കേസുകൾ നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.

NHS ഇംഗ്ലണ്ട് ഇന്നലെ നടത്തിയ പരിശോധനയിൽ മെർസീസൈഡിലെ Arrowe Park ഹോസ്പിറ്റലിലെത്തിയ 30-ഓളം ബ്രിട്ടീഷുകാരും, രണ്ട് ഐറിഷ് പൗരന്മാരും അടങ്ങുന്ന സംഘത്തിൽ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായാണ് വിവരം.

comments


 

Other news in this section
WhatsApp chat