ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ ഏതാണ്ട് 40 ലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണോ എന്നകാര്യം അന്വേഷിക്കുകയാണെന്ന് യു.എസ്.അധികൃതര്‍ അറിയിച്ചു.
മെയ് ആദ്യം മുതലാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്നും ആക്രമണ വിവരം വ്യാഴാഴ്ചയാണ് തിരിച്ചറിഞ്ഞതെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) പ്രസ്താവനയില്‍ പറഞ്ഞു. ‘ഓഫീസ് ഓഫ് ദി പേഴ്‌സണല്‍ മാനേജ്‌മെന്റ്’ ( ഒ.പി.എം), ‘ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്’ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളിലാണ് ആക്രമണം നടന്നത്. ഫെഡറല്‍ സര്‍വീസില്‍ ഇപ്പോഴുള്ളവരുടെയും, മുന്‍ജീവനക്കാരുടെയും വിവരങ്ങള്‍ ചോര്‍ന്നതില്‍ ഉള്‍പ്പെടുന്നു.
ചൈനക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി, സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റി അംഗം സെനറ്റര്‍ സൂസണ്‍ കോളിന്‍സ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ചൈനയാണ് സംഭവത്തിന് പിന്നിലെന്ന് വന്നാല്‍, ഈ വര്‍ഷം തന്നെ അമേരിക്കയ്‌ക്കെതിരെ നടക്കുന്ന ചൈനയുടെ രണ്ടാമത്തെ സൈബര്‍ ആക്രമണമാകുമിത്.
എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ നിരുത്തരവാദിത്വപരവും വിപരീതഫലമുളവാക്കുന്നതുമാണെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു. സൈബര്‍ ആക്രമണം ആഗോള ഭീഷണിയാണ്. പരസ്പരവിശ്വസത്തോടെയുള്ള സഹകരണം വഴി മാത്രമേ അതിനെ നേരിടാനാകൂ ചൈനീസ് എംബസി വക്താവ് ഷു ഹായിക്വാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ഫിബ്രവരിയില്‍ വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് പുതിയ ആക്രമണത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്.