ജിയാന്‍ലി(ചൈന): ചൈനയില്‍ ഉല്ലാസക്കപ്പല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 400 ആയി. ശനിയാഴ്ച കണ്ടെടുത്തതില്‍ മൂന്നു വയസുള്ള കുട്ടിയുടെ മൃതദേഹവും ഉള്‍പ്പെടുന്നു. കപ്പലിലുണ്ടായിരുന്ന 456 യാത്രക്കാരില്‍ ക്യാപ്റ്റനടക്കം 14 പേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. തഴകീഴായി മറിഞ്ഞ കപ്പല്‍ ക്രയിനുപയോഗിച്ച് ഉയര്‍ത്തിയ ശേഷമാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ മിക്കതും അഴുകിയ നിലയിലായിരുന്നു. ഇതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കൂ. അപകടത്തില്‍പ്പെട്ടവരോടുള്ള ആദരസൂചകമായി ചൈനയില്‍ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതു വിലക്കിയിട്ടുണ്ട്.
ശക്തമായ കൊടുങ്കാറ്റില്‍പ്പെട്ടു തിങ്കളാഴ്ചയാണ് 456 യാത്രക്കാരുമായി പോയ കപ്പല്‍ ചൈനയിലെ യാംഗ്‌സെ നദിയില്‍ തലകീഴായി മറിഞ്ഞത്. അപകടം സംഭവിച്ചു മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ക്കു കപ്പലിനുള്ളില്‍ കടക്കാന്‍ സാധിച്ചത്. അപകടസമയത്തു കപ്പലില്‍ ആവശ്യത്തിനു സുരക്ഷാ ജാക്കറ്റുകള്‍ ഉണ്ടായിരുന്നെങ്കിലും ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല.
അപകടത്തില്‍പ്പെട്ട ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലിന്റെ ക്യാപ്റ്റനെയും ചീഫ് എന്‍ജിനിയറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീശിയടിച്ച കൊടുങ്കാറ്റാണ് അപകട കാരണമായതെന്നാണ് ഇവരുടെ മൊഴി. എന്നാല്‍, പ്രതികൂല കാലാവസ്ഥയില്‍ കപ്പല്‍ എന്തിനു യാത്ര പുറപ്പെട്ടു എന്നതിനു വ്യക്തമായ ഉത്തരം നല്‍കാന്‍ ഇവര്‍ക്കായിട്ടില്ല.
3,400 ചൈനീസ് സൈനികരും 1,700 പരാമിലിട്ടറി സേനാ ഉദ്യോഗസ്ഥരും 150 കപ്പലുകളും 59 കൂറ്റന്‍ മെഷീനുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ ചരിത്രത്തില്‍ ഏഴു ദശകത്തിനിടയിലെ ഏറ്റവും ഭീകരമായ കപ്പല്‍ ദുരന്തമാണിത്. 2014 ഏപ്രിലില്‍ ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി 304 പേര്‍ കൊല്ലപ്പെട്ടിരുന്നു.
-എജെ-