ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയ മാഗി ന്യൂഡില്‍സ് കമ്പനി കഴിഞ്ഞ വര്‍ഷം പരസ്യത്തിനായും സെയില്‍സ് പ്രമോഷനായും ചെലവഴിച്ചത് 445 കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. അതേസമയം ഗുണനിലവാര പരിശോധനയ്ക്കായി മാഗി ചെലവഴിച്ചത് വെറും 12 മുതല്‍ 20 കോടി രൂപ വരെ. നെസ്ലെ ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിവര്‍ഷം 300 മുതല്‍ 450 കോടി രൂപ വരെയാണ് മാഗി പരസ്യത്തിനായി ചെലവഴിച്ചത്. എന്നാല്‍ ഗുണനിലവാര പരിശോധനയ്ക്കായി ഇക്കാലയളവില്‍ മാഗി ചെലവഴിച്ചത് അഞ്ച് ശതമാനത്തില്‍ താഴെ തുക മാത്രമാണ്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിയുടെ വാര്‍ഷിക കണക്കെടുപ്പിലാണ് പരസ്യത്തിന് ചെലവഴിച്ച തുകയും ഗുണനിലവാര പരിശോധനയ്ക്ക് ചെലവഴിച്ച തുകയും തമ്മിലുള്ള അന്തരം വെളിപ്പെടുത്തിയത്.
മാഗി ന്യൂഡില്‍സില്‍ ലെഡിന്റെയും എം.എസ്.ജിയുടെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് മാഗി പിന്‍വലിച്ചിരുന്നു. മാഗി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയും നിര്‍ദ്ദേശം നല്‍കിയിരുന്നു.