മാഗിയില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന കൂടുതല്‍ ബ്രാന്‍ഡുകളിലേക്ക്

 

ന്യൂഡല്‍ഹി: നെസ്ലെയുടെ മാഗി ന്യൂഡില്‍സില്‍ അനുവദനീയമായതിലും അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഗുണനിലവാര പരിശോധന കൂടുതല്‍ ബ്രാന്‍ഡുകളിലേക്ക്. മറ്റു ബ്രാന്‍ഡുകളുടെ ന്യൂഡില്‍സും, പാസ്ത, മാക്രോണി തുടങ്ങിയ ഉത്പന്നങ്ങളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അധികൃതരുടെ നിര്‍ദേശം. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് കണ്‍സ്യൂമര്‍, രുചി ഇന്റര്‍നാഷണല്‍, ഇന്‍ഡോ നിസാന്‍ തുടങ്ങി വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കേക്കുകള്‍ക്കും മസാല ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേകമായി പരിശോധന നടത്തണം. ഐടിസിയുടെ സണ്‍ഫീസ്റ്റ് യെപ്പീയും ഇന്‍ഡോ നിസാന്റെ റമീനുമാണ് ന്യൂഡില്‍സ് വിപണിയില്‍ മാഗിക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.

രാസവസ്തുക്കളായ ലെഡ്ഡും എംഎസിജിയും അമിതമായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാഗി ഇന്ത്യയില്‍ നിരോധിച്ചിരുന്നു. മാഗിയുടെ 9 ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാര്‍ നെസ്ലെക്ക് നിര്‍ദേശം നല്‍കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നെസ്ലേ വിപണിയിലെത്തിച്ച മാഗി ന്യൂഡില്‍സ് പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ മാഗിയുടെ വില്‍പ്പന നിരോധിച്ചത്.

എന്നാല്‍ മാഗി ന്യൂഡില്‍സ് ഭക്ഷ്യയോഗ്യമാണെന്ന നിലപാടിലായിരുന്നു നെസ്ലെ. എല്ലാവിധ പരിശോധനകള്‍ക്ക് ശേഷമാണ് മാഗി വില്‍പ്പനയ്ക്ക് എത്തിക്കാറുള്ളത്. എല്ലാവരുടേയും ആശങ്ക പരിഹരിക്കാന്‍ ശ്രമിക്കും. മാഗിയിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മാഗി പിന്‍വലിച്ചത്. മാഗിയില്‍ ലെഡ്ഡോ എംഎസ്ജിയോ ഉണ്ടെന്ന് തങ്ങള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും നെസ്ലേ ആഗോള തലവന്‍ പോള്‍ ബുള്‍ക്കെ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: