ന്യൂഡല്‍ഹി: ഗവര്‍ണറുമായി അധികാര വടംവലി മുറുകുന്നതിനിടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് തിരിച്ചടിയായി വ്യാജ നിയമബിരുദ സമ്പാദനകേസില്‍ ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ തോമറിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഹൗസ്ഖാസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ തോമറിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. തോമറിനെതിരെ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, ചതി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തോമറിനെതിരെ ചുമത്തിയിരിക്കുന്നത്. തോമറിന്റെ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ബീഹാറിലെ തിലക് മഞ്ജി ഭഗല്‍പുര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയതായാണ് തോമര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കെട്ടിച്ചമച്ചതാണെന്നും തോമറിന്റെ പേര് സര്‍വകലാശാല രേഖകളില്‍ ഇല്ലെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചിരുന്നു. തോമര്‍ നല്കിയ സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പറില്‍ മറ്റൊരു വിഭാഗത്തില്‍ പഠിച്ചയാളുടെ സര്‍ട്ടിഫിക്കറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചിരുന്നു.
തോമര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിന് അടുത്ത ദിവസം ബിരുദ കേസില്‍ അദ്ദേഹത്തിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. അവാധ് സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയതുമായി ബന്ധപ്പെട്ടായിരുന്നു അത്.