അഗര്‍ത്തല: മണിപ്പൂരില്‍ സൈനികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച്ച സൈനിക വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ പങ്കുള്ളവരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നാലിന് മണിപ്പൂരിലെ ചാന്തല്‍ ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മേഖലയില്‍ സൈന്യം തീവ്രവാദികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരുന്നു. തീവ്രവാദികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ നാഗാലാന്‍ഡ് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ന് രാവിലെയാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു.
മ്യാന്‍മറിനോട് ചേര്‍ന്ന് മണിപ്പൂരിലെ ഉഖ്‌റുലിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍) കാങ്ക്‌ലെ യാവൊല്‍ കന്ന ലുപ് (കെവൈകെഎല്‍) എന്നീ സംഘടനകള്‍ക്കെതിരെയാണ് സൈനിക നടപടി.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ മ്യാന്‍മറിന്റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.
-എജെ-