ജോര്‍ജിയ: മരുന്ന് കഴിച്ച് ഗര്‍ഭം അലസിപ്പിച്ചതിന് യു.എസില്‍ യുവതിക്കെതിരെ കൊലപാതക കുറ്റത്തിന് നടപടി. നിയമനടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും യു.എസില്‍ നിരവധിപ്പേര്‍ രംഗത്തെത്തി. യു.എസിലെ ജോര്‍ജിയയിലാണ് സംഭവം.
കെന്‍ലിസ്സിയ ജോണ്‍സ് എന്ന 23കാരിയാണ് ജയിലിലായത്. കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് ഗര്‍ഭം അലസിപ്പിക്കാന്‍ കാരണമെന്ന് യുവതി പറയുന്നു. ഇതിനായി ഓണ്‍ലൈനില്‍നിന്നും അനധികൃതമായി മരുന്നുകള്‍ വാങ്ങി കഴിച്ചു. കനത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കാറില്‍ പോകുന്നതിന് ഇടയിലാണ് യുവതി ജീവനില്ലാത്ത ഭ്രുണത്തിന് ജന്മം നല്‍കിയത്. ആശുപത്രിയിലെത്തിയ യുവതിയെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പോലീസിന് കൈമാറുകയായിരുന്നു.
യുവതി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു എന്ന് അല്‍ബാനി പോലീസ് പറയുന്നു. യുവതിയെ പിന്നീട് ഡൗഗേര്‍ട്ടി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എന്നാല്‍ യുവതിക്ക് എതിരെ നടപടി സ്വീകരിക്കുന്നതിനുള്ള യാതൊരു നിയമങ്ങളും ജോര്‍ജിയയില്‍ നിലവിലില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.