അഞ്ചല്‍: സമരത്തിനിടെ വനിതാ മെമ്പറുടെ മുന്നില്‍ വീണുപോയ പോലീസുകാരന്റെ ചിത്രം സിനിമ ഡയലോഗിന്റെ അകമ്പടിയോടെ ഫേസ്ബുക്കില്‍ വൈറലാകുന്നു. കൊല്ലം കളക്ടറേറ്റിനു മുന്നില്‍ നടന്ന ഡിവൈഎഫ്ഐ മാര്‍ച്ചിനിടെ സമരക്കാരെ നിയന്ത്രിക്കാനെത്തിയ പോലീസുകാരന് നടുറോഡില്‍ വീഴുന്ന ചിത്രമാണിത്. പോലീസുകാരന് വീഴുന്നതിനു സമീപം ആക്രോശിച്ചു നില്ക്കുന്ന വനിതയെയും കാണാം. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പറായ രഞ്ജു സുരേഷ് ആണു ചിത്രത്തിലുള്ളത്.
സമരത്തിനിടയിലെ തിക്കിലും തിരക്കിലും പെട്ട് പോലീസുകാരന് നിലത്തുവീണപ്പോള്‍ സംഭവത്തിനു ദൃക്സാക്ഷിയായ ഒരാള്‍ രംഗം മൊബൈലില്‍ പകര്‍ത്തി. ഇത് ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ചിത്രം ഗംഭീരമാക്കുന്നതിനു വേണ്ടി ‘ഓഗി അടിച്ചാ ഒന്‍ട്ര ടണ്‍ വെയ്റ്റ്, ഡാ… പാക്കിരിയാ…, പാക്കിരിയാ …. എന്ന തമിഴ് സിനിമാ ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സംഭവം വൈറലായതോടെ രസകരമായ കമന്റുകളാണു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കമന്റുകള്‍ നലകിയവരില് ഒരാള്‍ മെമ്പറുടെ പേരുപറഞ്ഞ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഎം അഞ്ചല്‍ ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വാര്‍ഡ്മെമ്പറുടെ ചിത്രത്തിനു ലൈക്കുകളുടെ എണ്ണവും കമന്റുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.
ഫേസ് ബുക്കില്‍ ചിത്രം കണ്ടപ്പോഴാണ് സംഭവം മൊബൈലില്‍ പകര്‍ത്തിയ കാര്യം മെമ്പര്‍ അറിഞ്ഞത്. മന്ത്രി തിരുവഞ്ചൂരിനെതിരെ കരിങ്കൊടി കാണിക്കുന്നതിനായി കൊല്ലത്തെത്തിയപ്പോള്‍ വനിതാ പോലീസുകാര്‍ നോക്കി നില്‍ക്കെ പോലീസുകാരന് തന്നെ തടയാന്‍ ഓടിയെത്തിയതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് മെമ്പര്‍ പറഞ്ഞു. സംഭവം അഞ്ചല്‍ മേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
-എജെ-