മാഗിക്ക് പിന്നാലെ ചോക്ലേറ്റിലും മായം

 

ന്യൂഡല്‍ഹി: നൂഡില്‍സ് നിരോധനത്തിനു പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ സുലഭമായ പ്രമുഖ ബ്രാന്‍ഡുകളുടെ ചോക്ലേറ്റുകളിലും വന്‍തോതില്‍ മായം കണ്ടെത്തി. അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇരട്ടി വെജിറ്റബിള്‍ ഓയില്‍ ചേര്‍ത്താണു ചോക്ലേറ്റുകള്‍ ഉത്പാദിപ്പിക്കുന്നതെന്നാണു കണ്ടെത്തല്‍.

ചോക്ലേറ്റുകളില്‍ ഉപയോഗിക്കേണ്ട കൊക്കോയ്ക്കു പകരമായാണു താരതമ്യേന വിലകുറഞ്ഞ സസ്യ എണ്ണ ഉപയോഗിക്കുന്നത്. മാഗിക്കു പിന്നാലെ ചോക്ലേറ്റുകളും മധുരപലാഹരങ്ങളും പരിശോധിക്കാന്‍ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി പ്രത്യേക വിദഗ്ധരടങ്ങിയ കമ്മിറ്റി രൂപീകരിക്കും. നിയമത്തിന്റെ വിലക്കുകള്‍ മറികടക്കാന്‍ ഉത്പന്നങ്ങളില്‍ ചോക്ലേറ്റുകള്‍ എന്നത് ഒഴിവാക്കിയാണ് പ്രമുഖ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നത്. ചോക്ലേറ്റുകളില്‍ അഞ്ചു ശതമാനം മാത്രമാണ് സസ്യ കൊഴുപ്പു ചേര്‍ക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, പരിശോധനയില്‍ പലതിലും 20 ശതമാനത്തിലധികം സസ്യ കൊഴുപ്പു ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കന്‍ ചോക്ലേറ്റ് നിര്‍മാതാക്കളുടെ ഡോവ്, സ്‌നിക്കേഴ്‌സ്, മില്‍ക്കിവേ, ത്രി മസ്‌ക്കറ്റിയേഴ്‌സ്്, ട്വിക്‌സ,് തുടങ്ങിയ മിഠായികളിലും അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വെജിറ്റബിള്‍ ഓയില്‍ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. നിയമതടസം ഒഴിവാക്കുന്നതിനായി ചോക്ലേറ്റിന്റെ നിര്‍വചനം തന്നെ മാറ്റാന്‍ വന്‍കിട കമ്പനികള്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായും സൂചനയുണ്ട്.

വെജിറ്റബിള്‍ ഓയിലിന്റെ അമിത ഉപയോഗം ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനു പുറമേ ശരീരത്തില്‍ ഫാറ്റി ആസിഡ് കൂടാനും കാരണമാകും. 2102ല്‍ അമുലിനെതിരേ അവരുടെ ക്വാളിറ്റി വാള്‍സ് ഐസ്‌ക്രീമില്‍ വെണ്ണയ്ക്കു പകരം വെജിറ്റബിള്‍ ഓയില്‍ ചേര്‍ക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ക്വാളിറ്റി വാള്‍സ് ഐസ്‌ക്രീമല്ലെന്നും ഡെസേര്‍ട്ടാണെന്നും വിശദീകരിച്ചാണ് അന്ന് അമുല്‍ ഈ ആരോപണങ്ങളെ മറികടന്നത്.

ബേക്കറി പലഹാരങ്ങളില്‍ നിറവും മധുരവും രുചിയുമൊക്കെ വര്‍ധിപ്പിക്കാനായി അപകടകരമായ രാസവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അനുവാദമുള്ള നിറങ്ങള്‍ പരിധിയില്‍ കവിഞ്ഞും ഉപയോഗിക്കുന്നുണ്ട്. മഞ്ഞ നിറത്തിന് ടെട്രസീന്‍, ബട്ടര്‍ യെല്ലോ, മെറ്റനില്‍ യെല്ലോ തുടങ്ങിയ നിറങ്ങളാണ് ചേര്‍ക്കുന്നത്. ലഡുവിലും ജിലേബിയിലുമൊക്കെ ലെഡ് ക്രോമേറ്റ്, സുഡാന്‍ തുടങ്ങിയ മാരക രാസവസ്തുക്കളും ചേര്‍ക്കാറുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: