കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ച സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അയയുന്നു. കഴിഞ്ഞ പത്തു മണിക്കൂറോളമായി പ്രവര്‍ത്തനം സ്തംഭിച്ചിരുന്ന വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിത്തുടങ്ങി. ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിഐഎസ്എഫ് ജവാന്മാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് എസ് എസ് യാദവ് എന്ന സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചത്. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം വിമാനത്താവളത്തില്‍ അക്രമം അരങ്ങേറിയിരുന്നു. യാത്രക്കാര്‍ക്കുനേരെപോലും ആക്രമണമുണ്ടായി. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ റണ്‍വേ ഉപരോധിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു സിഐഎസ്എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും 15 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍ വ്യക്തതയില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര ആഭന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. കരിപ്പൂരിലെ സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രാലയം വിലയിരുത്തി.
സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കും.
കരിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഫൊറന്‍സിക് പരിശോധനയ്ക്കുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. എ!ഡിജിപി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണ ചുമതലയെന്നും ചെന്നിത്തല പറഞ്ഞു.