ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ് ജനറലുമായി സംസാരിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് സി.ഐ.എസ്.എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ജവാന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് സി.ഐ.എസ്.എഫ് കമാന്‍ഡര്‍ അനില്‍ ബാലി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ നാളെ വ്യോമയാന മന്ത്രാലയം ഉന്നതതലയോഗം ചേരും. സി.ഐ.എസ്.എഫ് അച്ചടക്കലംഘനം നടത്തിയോ എന്ന് യോഗത്തില്‍ പരിശോധിക്കും.
വിമാനത്താവളത്തില്‍ എയര്‍ട്രാഫിക് കണ്ട്രോള് യൂണിറ്റ് ടവറിലെ ചില്ലുവാതിലുകളും ഉപകരണങ്ങളും ജവാന്മാര് അടിച്ചു തകര്‍ത്തിരുന്നു. വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കിയതിന് സി.ഐ.എസ്.എഫ് ജവാന്മാര്ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.